കന്യാകമാരി: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നാലെ ഒരു വിദ്യാർത്ഥി കൂടി കോളേജ് അധികൃതരുടെ പീഡനം മൂലം ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ മർത്താണ്ഡം മരിയ കോളേജിലെ വിദ്യാർത്ഥി കൊല്ലം കുണ്ടറ സ്വദേശി വിപിൻ മനോഹരൻ (19) ആണ് ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് കോളേജിലെ വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന വിവരം. മാർത്താണ്ഡം റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.

മരിയ പോളിടെക്‌നിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് വിപിൻ. ഹോസ്റ്റലിൽ മദ്യപിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ വിപിന്റെ വീട്ടുകാരെ വിളിക്കുകയും വിപിനിൽ നിന്ന് 25,000 രൂപ ഫൈൻ ഈടാക്കുകയും ചെയ്‌തെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിപിൻ മദ്യപിച്ചിട്ടില്ലെന്നാണ് ഇവർക്ക് ലഭിച്ച വിവരം.

ഒന്നാം വർഷ എച്ച്ഒഡി ജയിൻ സിംഗാണ് വിപിന്റെ കയ്യിൽ നിന്ന് ഫൈൻ ഈടാക്കിയതെന്നും ഇയാൾ ക്രൂരമായാണ് പെരുമാറാറുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു. വിപിന്റെ വീട്ടുകാരും സുഹൃത്തുകളും വിവരം പുറത്ത് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല.

വിപിന്റെ ആത്മഹത്യയെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയായിരുന്നു .സ്ഥലത്തെത്തിയ പൊലീസും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. പ്രശ്‌നമുണ്ടാക്കിയാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. വിദ്യാർത്ഥികളോട് വേണമെങ്കിൽ വീട്ടിലേക്ക് പോകാനായിരുന്നു പൊലീസിന്റെ നിർദ്ദേശം. നാളെയും പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

കേരളത്തിലെ സ്വാശ്രയ കോളേജിൽ നിന്നും പുറത്ത് വന്ന പീഡന കഥകളോട് സാമ്യമുള്ളതാണ് മരിയ കോളേജിലെ സംഭവങ്ങളും. തൊട്ടതിനും പിടിച്ചതിനും ഫൈൻ ഈടാക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. കമ്പും വടിയുമുപയോഗിച്ച് വിദ്യാർത്ഥികലെ തല്ലുന്നതും പതിവാണെന്നും ഇവർ പറയുന്നു.