സിംഗിൾ പേരന്റ് ചലഞ്ച് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയാണ്. വിധിയുടെ വേദനകളെ വകഞ്ഞുമാറ്റി മക്കളെ സുരക്ഷിതരാക്കി ഒരു നിലയിലെത്തിച്ച പലരും സ്വന്തം ജീവിത അനുഭവങ്ങൾ പങ്കുവെക്കുന്നു. പ്രിയപ്പെട്ടവനെ മരണം കൊണ്ടു പോയപ്പോഴും മകളുടെ സ്വപ്‌നങ്ങൾക്കായി ജീവിച്ച റജിയ എന്ന അമ്മയുടെ കഥയും മറ്റൊന്നല്ല. വിധവ എന്ന വിധിയെഴുത്തുകളെ പഴിക്കാതെ മകളുടെ 'വാപ്പി' ബാക്കിവച്ചു പോയ ലക്ഷ്യവും സ്വപ്‌നവും റജിയ ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലാണ് ഹൃദയം നുറുങ്ങുന്ന ആ കഥ റജിയ പങ്കുവച്ചത്.

റജിയയുടെ ജീവിത കഥ ഇങ്ങനെ

'13വർഷം ഇഷ്ടപ്പെട്ടയാളെ കുറച്ചു വൈകിയാണെങ്കിലും ഭർത്താവായി കിട്ടി. 2000 september 17(അതിന്റെ അഹങ്കാരം എനിക്കുണ്ടാരുന്നു ) ഒന്നാം വിവാഹ വാർഷികത്തിന് ഞങ്ങളോടൊപ്പം മോളും ഉണ്ടായിരുന്നു, ഒരു ഫോട്ടോകോപ്പി എന്ന് പറയാം, വിവാഹത്തിന് മുൻപ് കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിക്കാത്തതൊക്കെ വിവാഹ ശേഷം സാധിച്ചു .

സന്തോഷത്തോടെയുള്ളജീവിതം, 2006ൽപ്രവാസി ആയതോടെ കൂടുതൽ ശക്തമായി. ആൾ ആഗ്രഹിച്ച പോലെ മോളെ ഗൾഫിൽ സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ പഠിപ്പിച്ചു. പ്ലസ് 1നു ചേർക്കുമ്പോൾ പറഞ്ഞു, ഡിഗ്രിക്ക് മോളെ നാട്ടിലയക്കണ്ട, നമ്മൾ നിക്കുന്നിടത്തു മോളും നിന്നാൽ മതിയെന്ന്, അങ്ങനെ (കുറച്ചു സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നെങ്കിലും )സ്‌നേഹത്തോടും സന്തോഷത്തോടും ഞങ്ങൾ മൂന്നാളും ജീവിച്ചു വരുകയാരുന്നു.

2018 ജനുവരി 24 എന്നത്തേയും പോലെ സന്തോഷത്തോടെ ജോലിക്ക് പോയി, പതിവിലും നേരത്തെ റൂമിൽ വന്നു, കുറച്ചു time നിന്ന് സംസാരിച്ചു, ഇടയ്ക്കു പറഞ്ഞു എനിക്ക് വയ്യാ, ഒരു വയറു വേദന പോലെ, അന്ന് മുഴുവൻ കുഴപ്പമില്ലാതെ ഡോക്ടറിന്റെ അടുത്ത് പോകേണ്ട ആവശ്യമില്ല പറഞ്ഞു ഇരുന്നു. 25നു ഉച്ചക്ക് 2മണിയൊക്കെ ആയപ്പോൾ സ്വയം പറഞ്ഞു. വീടൊക്കെ ദൈവം തരുമ്പോൾ തരട്ടെ! മോൾക്കുള്ള വസ്തു അവിടെ ഉണ്ട്, നീ വാ നമുക്ക് ഡോക്ടറുടെ അടുത്ത് പോകാമെന്നു പറഞ്ഞു എന്റെ കയ്യും പിടിച്ചു ഇറങ്ങി, ഹോസ്പിറ്റലിൽ അഡ്‌മിറ്റാക്കി, 8. 30വരെ എല്ലാ ടെസ്റ്റുകളും എടുത്തു, എല്ലാം ok ആരുന്നു, മോൾ ഒറ്റയ്ക്ക് റൂമിൽ, ഹോസ്പിറ്റലിൽ കൂട്ടിനു ആളെ നിർത്തില്ല, അതിലുപരി ആളു ചിരിച്ചു വർത്തമാനമൊക്കെ പറഞ്ഞു. ഭക്ഷണം കഴിച്ചു, ഇനി നീ പോയി രാവിലെ 6മണിക്ക് മോളേം കൂട്ടി വന്നാൽ മതിയെന്ന് പറഞ്ഞു. റൂമിലെത്തി കിടന്നു, ഉറങ്ങിയില്ല, ഒരു മണിയൊക്കെ ആയപ്പോൾ ഹോസ്പിറ്റലിൽ നിന്ന് ഫോൺ വന്നു വേഗം ഒന്നു വരണം, മോളേം കൂട്ടി ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആൾ സുഖമായി ഉറങ്ങുന്നു, എന്നോടൊന്നും പറയാതെ എന്റെ മോളെ അവസാനമായി ഒന്നു കാണാതെ, സുഖമായി ഉറങ്ങി പൊയീ,എന്ത് ചെയ്യണമെന്ന് അറിയാതെ മരവിച്ച അവസ്ഥ ഒരു ബ്‌ളേഡ് കയ്യിലുണ്ടാരുന്നെങ്കിൽ ആഗ്രഹിച്ചു, കൂടെ പോകാമെന്ന്,

മോൾ പിടിച്ചു കുലുക്കി അവൾക്കു നേരെ തിരിച്ചു നിർത്തി, ഉമ്മി boldakanam,എന്റെ വാപ്പി ആഗ്രഹിച്ച പോലെ എന്നെ ആക്കണം. അതെ പിന്നെല്ലാം വേഗത്തിലാരുന്നു,January 26th ഞാൻ single parenting ഏറ്റെടുത്ത ദിവസം ആയി. UAQ Indian association, എന്റെ ഓഫീസിലെ സഹപ്രവർത്തകർ, ബന്ധുക്കൾ എല്ലാവരുടേം സഹായത്തോടെ ആളെ നാട്ടിൽ വേഗം തന്നെ കൊണ്ടു പോകാനായി, വീടു വക്കണമെന്ന ആഗ്രഹം നടത്താൻ പറ്റാതെ.(വിധവ എന്ന ഓമന പേരും) ഒരു സ്ത്രീയും മറ്റൊരു സ്ത്രീയെ അങ്ങനെ സംബോധന ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തൽ, ഇന്നയാളുടെ ഭാര്യ എന്നോ, ഇന്നയാളുടെ അമ്മയെന്നോ സംബോധന ചെയ്താൽ നമ്മൾ ഒറ്റക്കാണെന്നു ചിന്ത വരുകയില്ല 50ദിവസത്തിന് ശേഷം ഞാൻ തിരികെ ജോലിക്ക് കേറി. ആളുടെ ആഗ്രഹം പോലെ മോളെ ഇവിടെത്തന്നെ degree ക്കും ചേർത്ത്. പ്രവാസിയായി single parent ആയി.'