തലശേരി: ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൊണ്ടു പിടിച്ചു നടന്നു കൊണ്ടിരിക്കെ തന്റെ ഭക്തർക്കു മുൻപിൽ എല്ലാ അതിർവരമ്പുകൾക്കുമപ്പുറം താൻ വിളിപ്പുറത്തുണ്ടാകുമെന്ന് പറയുകയാണ് വടക്കെ മലബാറുകാരുടെ ആത്മാവിന്റെ ഭാഗമായ ശ്രീ മുത്തപ്പൻ ''മുത്തപ്പനെ മറ്റു ദൈവക്കോലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും മനുഷ്യരുടെ എണ്ണമറ്റ സങ്കടങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ഈ അപൂർവ്വ വൈഭവം തന്നെയാണ്.

കെട്ടിയാടുന്ന ദൈവക്കോലത്തിന് മുൻപിൽ എല്ലാവരും ഒരുപോലെയാണെന്നും ജീവിതയാത്രയിൽ ഏതൊരു മനുഷ്യന്റെയും വിളിപ്പുറത്ത് മുത്തപ്പൻ അത്താണിയായി എന്നുമുണ്ടാകുമെന്നും തന്നെ കാണാനെത്തിയ മുസ്ലിം മത വിഭാഗത്തിൽപ്പെട്ട സ്ത്രീയോടും മകളോടും മുത്തപ്പൻ പറയുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുത്തപ്പൻ സാധാരണ ദൈവമല്ല. സാധാരണക്കാരന്റെ ദൈവമാണെന്ന് പറയുന്ന ഞയ്യക്കോലധാരി നീ വേറെയാണെന്ന് തോന്നണ്ടെയെന്നും ഉപദേശിക്കുന്നു.

വടക്കെ മലബാറിലെ ഒരു വീട്ടിൽ മുത്തപ്പൻ കെട്ടിയാടുന്നത് കാണാനാണ് പർദ്ദ ധാരിയായ മുസ്ലിം യുവതി മകളുമായെത്തിയത്. മടിച്ച് മടിച്ച് തന്റെ അരികിലെത്തിയ യുവതിയെ അരികിലേക്ക് വിളിച്ച് തനതു ശൈലിയിൽ അശ്വസിപ്പിക്കുകയാണ് മുത്തപ്പൻ. നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ...; ജാതി കൊണ്ടും, മതം കൊണ്ടും ഞാൻ വേറെയാണെന്ന് തോന്നിയോ; എന്താ പറയാനുള്ളത് മുത്തപ്പനോട്?; വിതുമ്പുന്ന മുസ്ലിം സ്ത്രീയെ ചേർത്തു പിടിച്ച് അനുഗ്രഹിക്കുകയാണ് മുത്തപ്പൻ. 'ജാതിയും മതവും വേലി തീർക്കുന്ന ഈ കാലത്ത് കണ്ണും മനസും നിറയ്ക്കുന്ന മലബാറിൽ നിന്നുള്ള കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിക്കുന്നത്. മുത്തപ്പൻ വെള്ളാട്ടം ഒരു മുസ്ലിം സ്ത്രീയോട് അനുകമ്പയോടെ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്..

മതസൗഹാർദ്ദം സ്ഫുരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആൾക്കാർ ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു. സനി പെരുവണ്ണാൻ എന്ന കോലധാരിയാണ് ഈ വീഡിയോയിലുള്ളത്. തന്റെ മുന്നിലേക്ക് വരാതെ മാറി നിന്ന മുസ്ലിം സ്ത്രീയെ 'നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ... അങ്ങനെ തോന്നിയാ?' എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പൻ വെള്ളാട്ടം അനുകമ്പയോടെ സംസാരിച്ച് തന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നത്. സ്ത്രീ വിതുമ്പുന്നതും, മുത്തപ്പൻ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

'പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല നിൽക്കുന്നത്. ജാതികൊണ്ടും മതം കൊണ്ടും ഞാൻ വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ..എങ്കിൽ അത് വേണ്ട.' മുത്തപ്പൻ പറയുന്നു. സകല ദുരിതങ്ങളും പ്രയാസങ്ങളും മുത്തപ്പൻ മാറ്റി തരുമെന്നും ഇത് മുത്തപ്പന്റെ വാക്കുകളാണെന്നും പറഞ്ഞാണ് ആ യുവതിയുടെ കണ്ണുനീർ തുടയ്ക്കുന്നത്.

മതത്തിന്റെ പേരിൽ ഏറെ കാലുഷ്യമായ ഒരു കാലഘട്ടത്തിൽ ഇത്തരം കാഴ്ചകൾ വലിയ ആശ്വാസമാണെന്ന് വീഡിയോ പങ്കുവെച്ച പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു ഹൃദയത്തിന് തീപ്പിടിക്കുമ്പോൾ തന്നെ തേടിയെത്തുന്ന സാധാരണ മനുഷ്യരോട് അലി വാർന്ന സാന്ത്വന വാക്കുകളാണ് മുത്തപ്പൻ തലയിൽ കൈവെച്ചു പറയാറുള്ളത്. പലർക്കും ആ വാക്കുകളാണ് ജീവിതത്തിൽ ഇടറിപ്പോവാതിരിക്കാൻ തുണയാകുന്നത്. മലബാറിലെ അമ്മമാർ ഏതു പ്രതിസന്ധിയിലും എന്റെ മുത്തപ്പായെന്നു എപ്പോഴും വിളിച്ചു പോകുന്നതും അതുകൊണ്ടുതന്നെയാണ് അദൃശ്യരായ നുറുകണക്കിന് ദൈവങ്ങളുണ്ടെങ്കിലും ദൃശ്യനായ ഹൃദയത്തോട് ചേർന്നു നിന്നു സംസാരിക്കുന്ന മുത്തപ്പൻ ഒന്നു മാത്രമേയുള്ളു. മുസ്ലിം യുവതിയോട് മുത്തപ്പൻ സംസാരിക്കുന്നതും തനിക്ക് ഭക്തർ മാത്രമേയുള്ളൂവെന്നുമാണ് യുവതിയോട് മുത്തപ്പൻ പറയുന്നത് ഇങ്ങനെയാണ്:

നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ... അങ്ങനെ തോന്നിയാ? കർമ്മം കൊണ്ടും, ജാതി കൊണ്ടും, മതം കൊണ്ടും ഞാൻ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ... നിനക്ക് നിന്റെ ജീവിതത്തിൽ അങ്ങനെ തോന്നിയാലും എന്റെ മുന്നിൽ അങ്ങനെ പറയല്ലേ... മുത്തപ്പനെ കണ്ട്വാ? സന്തോഷമായോ..എന്താ പറയാനുള്ളത് മുത്തപ്പനോട്? നിന്റെ ജീവിതയാത്രയിൽ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്? ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ദൈവത്തിന് അറിയാം. അകമഴിഞ്ഞ ഭക്തി.. വിശ്വാസത്തിന്റെ പ്രാർത്ഥന.. എന്റെ ദൈവത്തിന് എന്നെ തിരിച്ചറിയാൻ പറ്റും. കണ്ണ് കലങ്ങല്ലേ.... കണ്ണ് നിറഞ്ഞിട്ടാണല്ലോ ഉള്ളത്..

അഞ്ച് നേരത്തെ നിസ്‌കാരത്തെ അനുഷ്ഠിക്കുന്നുണ്ട്. പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്. എങ്കിലും എനിക്ക് ശാശ്വതമായ ഒരു സന്തോഷം ഈ ഭൂമിയിൽ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ, എന്ന മനസ്സിന്റെ പരിഭവത്തോടെയാണ് എന്റെ കൈയരികെ വന്നിട്ടുള്ളത്. ആർക്കും ഈ ജീവിതത്തിൽ അപരാധവും, തെറ്റ് കുറ്റവും ഒന്നും ഞാൻ ചെയ്തിട്ടില്ല. ഈ ജന്മം കൊണ്ട് ഒരു പിഴവുകളും എന്റെ കൈയിൽ നിന്ന് വന്ന് പോയിട്ടില്ല, ദൈവേ... എല്ലാവർക്കും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെ ഉപദ്രവിച്ചവർക്ക് പോലും, എന്നെ ഉപദ്രവിച്ച ശത്രുക്കൾക്ക് പോലും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ദൈവേ... എന്നിട്ടും എന്തേ എന്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്... എല്ലാവർക്കും എല്ലാ സൗഭാഗ്യവും എന്റെ ദൈവം കൊടുക്കുന്നില്ലേ.. എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്കുന്നത്. എന്റെ മക്കൾക്ക്, എന്റെ കുടുംബത്തിന് എന്തുകൊണ്ട് എന്റെ ദൈവം തുണയായി നിൽക്കുന്നില്ല എന്ന ഒരു തോന്നൽ നിന്റെ ഉള്ളിലുണ്ട്.

പരിഭവം നിറഞ്ഞ പരാതിയുമായാണ് നീ വന്നതെങ്കിൽ കണ്ണ് നിറയല്ലേ.. കേട്ടോ? പള്ളിയും പള്ളിയറയും മടപ്പുരയും എനിക്ക് വേറിട്ടതല്ല. ഞാൻ നിന്റെ നാഥൻ തന്നെ. തമ്പുരാനേ എന്നല്ലേ വിളിക്കേണ്ടത്.. നബിയെന്നും, മലയിൽ വാഴും മഹാദേവൻ പൊന്മല വാഴും മുത്തപ്പനെന്നും വേർതിരിവ് ഇല്ല നിങ്ങൾക്ക്. പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ. ചേർത്ത് പിടിക്കാം. നിറഞ്ഞൊഴുകിയ കണ്ണീരിന് തുല്യമായി ജീവിതകാലത്തിന്റെ യാത്രയിൽ സമാധാനവും സന്തോഷവും ഈശ്വരൻ തന്നാൽ പോരേ... പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ കതിര് പോലെ മുത്തപ്പൻ തന്നാൽ പോരേ.. ചേർത്ത് പിടിക്കാം. ഇത് വെറും വാക്കല്ല.' എന്നു പറഞ്ഞാണ് ജീവിതത്തിന് പുതുവെളിച്ചം നൽകി അവരെ മുത്തപ്പ സന്നിധിയിൽ നിന്ന് അശ്വസിപ്പിച്ചു വിടുന്നത്.