കൊച്ചി: പൊതു ജനങ്ങളെ ഇളിഭ്യരാക്കിക്കൊണ്ട് കൊച്ചിയിൽ അപൂർവ്വ റോഡ് ടാറിങ്. റോഡരുകിൽ കിടക്കുന്ന വാഹനങ്ങൾ എടുത്ത് മാറ്റാതെ ചുറ്റിലും ടാറ് ചെയ്ത് കടമ തീർത്ത് ഉദ്യോഗസ്ഥർ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഇരുവശത്തുമുള്ള സ്റ്റേഡിയം ലിങ്ക് റോഡിൽ കൊച്ചി കോർപ്പറേഷൻ നടത്തിയ ടാറിങ്ങാണ് ഇത്തരത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

35 ലക്ഷം രൂപ മുടക്കി ബി.എം.ബി.സി നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. ടാർ ചെയ്തപ്പോൾ വഴിയരികിൽ പാർക്ക് ചെയ്ത കാറുകൾ മുതൽ പിക്കപ്പുകൾ വരെയുള്ള അഞ്ചോളം വാഹനങ്ങൾ കിടന്ന സ്ഥലം ഒഴിവാക്കി അതിന് ചുറ്റും ടാറു ചെയ്യുകയായിരുന്നു. പാതയോരത്ത് നാളുകളായി കിടന്ന വണ്ടികളാണ് പലതും. ഈ അപൂർവ്വ ടാറിങ് കണ്ട് ഇതുവഴി പോകുന്നവരെല്ലാം ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് നടത്തിയ അഴിമതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഗുണനിലവാരമില്ലാതെ ഇങ്ങനെ ടാറു ചെയ്യുമ്പോൾ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിയും അപ്പോൾ വീണ്ടും ടാറിങ് നടത്താം. ഇങ്ങനെ കമ്മീഷൻ അടിച്ചു മാറ്റുന്നതിന്റെ ഭാഗമാണ് ഇതിന്റെ പിന്നിലെ കാരണം എന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ ഭാഗത്ത് ജനവാസം കുറവായതിനാൽ ആരും ശ്രദ്ധിക്കില്ലെന്നാണ് അവർ കരുതിയത്. എന്നാൽ അതു വഴി കടന്നു പോയവർ ചിലർ ഫോട്ടോ സഹിതം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാരണക്കോടം ജംഗ്ഷനിൽ നിന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻവരെയാണ് ടാറിങ്. ഇതിന്റെ ആദ്യ ഭാഗത്തായാണ് ഇത്തരത്തിൽ ടാറ് ചെയ്ത് വച്ചിരിക്കുന്നത്. കാലടി മേരീസദൻ പ്രോജക്ട്‌സിനാണ് കരാർ. റോഡ് ടാറിങ്ങിനായി കോർപ്പറേഷന്റെ സൂപ്പർവൈസർമാർ മേൽനോട്ടത്തിനുമുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് റോഡ് ടാറിങ് ഇങ്ങനെ ചെയ്തത്. ജനങ്ങളെ ഇത് ചൊടിപ്പിച്ചിട്ടുണ്ട്. കരാറുകാരനെ വിളിച്ചു വരുത്തി ഒരു അവാർഡ് നൽകണമെന്നാണ് ജനങ്ങൾ പറയുന്നത്. സാമ്പത്തിക വർഷം അവസാനിക്കുംമുമ്പ് പണി തീർത്ത് ബിൽ മാറാനുള്ള തത്രപ്പാടിലാണ് തോന്നിയ രീതിയിൽ കോൺട്രാക്ടർ ടാറ് ചെയ്തിരിക്കുന്നത്.

അതേ സമയം നാലുതവണ കോർപ്പറേഷന് കത്ത് നൽകിയിട്ടും വാഹനങ്ങൾ മാറ്റി കിട്ടിയില്ലെന്നാണ് കരാർ കമ്പനിയുടെ പ്രതിനിധി പറയുന്നത്. വാഹനങ്ങൾ മാറ്റാത്തതിനാൽ അവിടം ഒഴിവാക്കി ടാർ ചെയ്തു. അതേ സമയം കരാറുകാരൻ പറയുന്നതിങ്ങനെയാണ്. ഇനി മേൽഭാഗത്തെ ടാറിങ് പൂർത്തിയാക്കാനുണ്ട്. ആ സമയം വാഹനങ്ങൾ തള്ളിമാറ്റി വീണ്ടും ടാർ ചെയ്യും. വാഹനങ്ങൾ മാറ്റേണ്ട ഉത്തരവാദിത്വം കരാറുകാരനാണ്.

കോർപ്പറേഷൻ മാറ്റേണ്ട കാര്യമില്ല എന്നാണ് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ വാദം. കരാറുകാരനെ നാളെ തന്നെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. എന്നാൽ ഇനി ടാറ് ചെയ്യുമ്പോൾ ടാറിങ് ഗുണനിലവാരത്തെയും റോഡിന്റെ ആയൂസ്സിനെയും ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.