- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാളെ മർദ്ദിക്കരുത്.. പൊലീസിനെ വിളിക്കുവെന്ന് കാഴ്ച്ചക്കാരി; ചെവികൊടുക്കാതെ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം; കെഎസ്ആർടിസി ബസ് കടത്തികൊണ്ടു പോയ മനോ ദൗർബല്യമുള്ള യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കൊച്ചി: കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിൽ നിന്നും ബസ് കടത്തികൊണ്ടു പോയ മനോ ദൗർബല്യമുള്ള യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഞ്ചേരി സ്വദേശിയായ ഹരീഷ് കുമാർ എന്നയാളെയാണ് കലൂർ എസ്.ആർ.എം റോഡിലിട്ട് അതിക്രൂരമായി നാട്ടുകാർ മർദ്ദിച്ചത്. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തി ഇയാളെ സീറ്റിൽ നിന്നും വലിച്ച് താഴേക്കിട്ട് ചവിട്ടുകയും പിന്നീട് നിരവധിപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതുമാണ് പുറത്തു വന്ന ദൃശ്യങ്ങളിലുള്ളത്. യുവാവിനെ മർദ്ദിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന യുവതി മർദ്ദിക്കരുതെന്നും പൊലീസിനെ വിളിക്കൂ എന്നും വിളിച്ചു പറയുന്നുണ്ടെങ്കിലും ആൾക്കൂട്ടം മർദ്ദനം തുടരുകയായിരുന്നു. പിന്നീട് ഇയാളെ തടഞ്ഞു വച്ച ശേഷം സെൻട്രൽ പൊലീസിന്റെ കണ്ട്രോൾ റൂം വാഹനം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8മണിയോടെയാണ് ഹരീഷ് കുമാർ ആലുവ ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ആർ.എസ്.സി806 എന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കടത്തികൊണ്ടു പോയത്. മെക്കാനിക്കൽ വിഭാഗം ധരിക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ഇയാൾ ധരിച്ചിരുന്നത്. ഉച്ചയ്ക്ക് 12.30 ന് കോഴിക്കോടിനു പോകേണ്ടിയിരുന്ന ബസ് പരിശോധനയുടെ ഭാഗമായി മെക്കാനിക്ക് പുറത്തേക്ക് കൊണ്ടു പോകുകയാണ് എന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ കരതിയത്. പുറത്തേക്ക് പോയ ബസ് ആദ്യം റോഡിൽ വച്ച് ഒരു ട്രാവലറിന്റെ സൈഡി മിറർ ഇടിച്ചു തകർത്ത ശേഷം അമിത വേഗത്തിൽ പോയി. ഈ വാഹനത്തിന്റെ ഡ്രൈവർ പരാതിയുമായി ഡിപ്പോയിലെത്തിയപ്പോഴാണ് ബസ് ആരോ മോഷ്ടിച്ചു കടന്നുവെന്ന് അറിയുന്നത്. ഇതോടെ പൊലീസിൽ ഫോണിൽ വിളിച്ച് പരാതി നൽകുകയും ബസ് തിരഞ്ഞ് ജീവനക്കാർ പരക്കം പായുകയും ചെയ്തു.
ഇതിനിടയിൽ ബസുമായി ഹരീഷ് കലൂരിലെത്തി. വരുന്ന വഴിയിൽ മറ്റുവാഹനങ്ങളിൽ തട്ടി അപടകമുണ്ടാക്കുകയും ചെയ്തു. കലൂരിൽ നിന്നും എസ്.ആർ.എം റോഡിലേക്ക് കയറിയപ്പോഴേക്കും അപകടത്തിൽപെട്ട വാഹനങ്ങളുടെ ഉടമകളും ഡ്രൈവർമാരും ബസ് തടഞ്ഞു നിർത്തി. ഡ്രൈവിങ് സീറ്റിലിരുന്ന ഹരീഷിനെ തള്ളി താഴെയിട്ട് മർദ്ദിക്കുകയായിരുന്നു. ഒറഅറ നോട്ടത്തിൽ തന്നെ ഹരീഷിന്റെ പെരുമാറ്റത്തിലും രൂപത്തിലും മനോദൗർബല്യമുള്ളയാളാണെന്ന് മനസ്സിലാകും. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് നാട്ടുകാർ മർദ്ദിച്ചത്. പിന്നീട് പൊലീസ് എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിക്കുകയും ആലുവ ഈസ്റ്റ് പൊലീസിന് കൈമാറുകയും ചെയ്തു.
മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ മനസ്സിലായി. പിന്നീട് ഇയാളുടെ സ്റ്റേഷൻ പരിധിയായ മഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മുൻപ് ഡ്രൈവറായിരുന്നു എന്നും മാനസിക പ്രശ്നമുള്ളതിനാൽ നിർത്തിയിട്ട വാഹനങ്ങൾ ഓടിച്ചു പോകുന്നതും പതിവാണെന്നും വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് ഹരീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹരീഷിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. കള്ളനാണെന്ന് കരുതിയാണ് മർദ്ദിച്ചതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കൂടാതെ വാഹനങ്ങൾ ഇടിച്ചു കേടുപാട് വരുത്തിയതിന്റെ രോഷവും മൂലമാണ് നാട്ടുകാർ മർദ്ദിച്ചത് എന്നും പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.