- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന രീതി വിൽസ്മിത്തിന് പുതുമയല്ല; ആദ്യം കൈയുടെ ചൂടറിഞ്ഞത് അനുമതിയില്ലാതെ ചുംബിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ; വൈറലായി വിൽസ്മിത്തിന്റെ പഴയ വീഡിയോ
വാഷിങ്ങ്ടൺ: ഓസ്‌കാർ പ്രഖ്യാപന വേളയിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്ക്‌സിനെ അടിച്ച സംഭവത്തിന്റെ ചർച്ചകൾ അവസാനിച്ചിട്ടില്ല. വിൽസ്മിത്ത് ക്ഷമ പറഞ്ഞ് രംഗത്ത് വന്നെങ്കിലും അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ് ആരാധകർ ഉൾപ്പെടുന്ന സംഘം.ഇത്തരമൊരു സംഭവം വിൽസ്മിത്തിന്റെ ജീവിതത്തിൽ ആദ്യത്തേതാണോ എന്നാണ് പലരും അന്വേഷിക്കുന്നത്.അതിനിപ്പോൾ ഉത്തരവും ലഭിച്ചിരിക്കുകയാണ്.ഇത് ആദ്യത്തെ സംഭവം അല്ലെന്നും ഇതിനു മുൻപും വിൽസ്മിത്തിന്റെ കൈയുടെ ചൂട് അറിഞ്ഞവരുണ്ട് എന്നതാണ് സത്യം.ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇപ്പോൾ വൈറലാണ്.
വിൽ സ്മിത്തിന്റെ പഴയ ഒരു വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്. 'മെൻ ഇൻ ബ്ലാക്ക് 3' എന്ന ചിത്രത്തിന്റെ മോസ്‌കോ പ്രീമിയറിന്റെ സമയത്ത് തന്നെ ചുംബിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെയാണ് വിൽ സ്മിത്ത് അടിക്കുന്നത്.യുക്രെയ്ൻ മാധ്യമപ്രവർത്തകനായ വിറ്റാലി സെഡ്യൂകിനാണ് വിൽ സ്മിത്തിന്റെ അടികൊണ്ടത്. റെഡ്കാർപറ്റിൽ വിൽ സ്മിത്തിനെ കണ്ട വിറ്റാലി സെഡ്യൂക് ആലിംഗനം ചെയ്യുകയും ഇരുകവിളുകളിലും ചുംബിക്കുകയുമായിരുന്നു. സംഗതി ഇഷ്ടപ്പെടാതിരുന്ന വിൽ സ്മിത്ത് അയാളെ തള്ളി മാറ്റുകയും ഇടംകൈ കൊണ്ട് കവിളിൽ അടിക്കുകയുമായിരുന്നു.
'ക്ഷമിക്കണം, അവൻ എന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു'-ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നു നീങ്ങിയ വിൽ സ്മിത്തിന്റെ രംഗങ്ങൾ ക്യാമറയിൽ പതിയുന്നുണ്ടായിരുനു. അവന് നല്ല ഇടി കിട്ടാത്തത് ഭാഗ്യമെന്നും വിൽ സ്മിത്ത് പറയുന്നുണ്ടായിരുന്നു.
ഇത്തവണ ഓസ്‌കർ വേദിയിൽ ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരിഹാസം വിൽ സ്മിത്തിനെ ചൊടിപ്പിക്കുകയും അടിയിൽ കലാശിക്കുകയുമായിരുന്നു. ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരദാന വേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് ജെയ്ഡയെ കുറിച്ച് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. നടിയും അവതാരകയും സാമൂഹിക പ്രവർത്തകയുമായ ജെയ്ഡ വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.
1997ലെ 'ജി.ഐ ജെയിൻ' എന്ന ചിത്രത്തിൽ ഡെമി മൂർ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. 'ജി.ഐ ജെയിൻ 2' ൽ ജെയ്ഡയെ കാണാമെന്നാണ് ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ ക്ഷുഭിതനായ സ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായ താക്കീതും നൽകി. സംഭവത്തിൽ വിൽ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. തന്റെ തമാശ അതിരുകടന്നതിൽ ക്രിസ് റോക്കും മാപ്പ് പറഞ്ഞു.