സെഞ്ചൂറിയൻ: ബിസിസിഐക്കെതിരെ പരസ്യപ്രഖ്യാപനവുമായി കോഹ്ലി രംഗത്ത് വരുമ്പോഴും താരത്തിന്റെ പ്രകടത്തിലെ പോരായ്മ താരത്തിന് തന്നെ തിരിടച്ചടിയാകുന്നു.കഴിഞ്ഞ രണ്ടുവർഷക്കാലത്തെ കളിക്കളത്തിലെ ഫോം കോഹ്ലിക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനെ മറികടന്ന് കോലി ലോകറെക്കോഡ് നേടുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ ടെസ്റ്റ് നായകന് കഴിഞ്ഞ രണ്ട് വർഷമായി ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. സെഞ്ചുറിയില്ലാതെ കോലി തുടർച്ചയായി രണ്ട് വർഷങ്ങൾ പൂർത്തിയാക്കി.

ഇത് ഫോർമാറ്റിന്റെ മാത്രം കാര്യമല്ല.മറിച്ച് ക്രിക്കറ്റിന്റെ നിലവിലെ മൂന്ന് ഫോർമാറ്റിലും കോഹ്ലി മൂന്നക്കം കണ്ടിട്ട് വർഷം രണ്ട് പൂർത്തിയായി.2020-ലും 2021-ലും താരത്തിന് ഒരു ഫോർമാറ്റിലും മൂന്നക്കം കാണാനായില്ല.2020 ൽ കോവിഡ് മഹാമാരി കാരണം കുറച്ച് മാസങ്ങൾ മത്സരം നടന്നില്ലെങ്കിലും 2021 ൽ അതായിരുന്നില്ല സ്ഥിതി. കാണികൾ ഇല്ലാതെയെങ്കിലം മത്സരങ്ങൾ നടന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 20 20 ലോകകപ്പ് ഒക്കെ കടന്നുപോയതും ഈ വർഷമാണ്.എന്നിട്ടും ടീമിന് കാര്യമായ സംഭാവന ചെയ്യാൻ കോഹ്ലിക്ക് സാധിച്ചില്ല.

ഇതിനിടയിലാണ് കോഹലിയും ബിസിസിഐയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയത്.ആദ്യം പോര് അത്ര പ്രകടമായില്ലെങ്കിലും ഇപ്പോൾ തുറന്ന പോരിലേക്കെത്തുമ്പോൾ കോഹലിക്ക് ഏകദിനത്തിലെയും ടി 20 ലേയും ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു.എനി ആകെ ഉള്ളത് ടെസ്റ്റിലെ ക്യാപ്റ്റൻ സ്ഥാനം മാത്രമാണ്.എന്നാൽ നിലവിലെ ഫോം ആ സ്ഥാനത്തിനും ഭീഷണിയാവുകയാണ്. ഗാംഗൂലിയുമായും സ്വരച്ചേർച്ചയിലിലാത്തത് കൂടുതൽ ഭീഷണിയാകും.

കോലിയുടെ അവസാന സെഞ്ചുറി പിറന്നത് 2019-ൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ്.പിന്നീട് നിരവധി മത്സരങ്ങൾ കളിച്ചെങ്കിലും സെഞ്ചുറി മാത്രം അകന്നുനിന്നു.മികച്ച സ്‌കോർ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തി. നായകനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങിൽ കോലി പഴയ ഫോമിന്റെ അടുത്തെങ്ങുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ഇന്നിങ്സിൽ 35 റൺസും രണ്ടാമിന്നിങ്സിൽ 18 റൺസും മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്.

98 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ചുറികൾ നേടിയ കോലി 254 ഏകദിന മത്സരങ്ങളിൽ നിന്ന് 43 സെഞ്ചുറികളും സ്വന്തമാക്കി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളാണ് വിരാട് കോലി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുമായി ക്രിക്കറ്റ് ആരാധകർ താരതമ്യം ചെയ്യുന്ന കോലി ഇന്ത്യയുടെ റൺ മെഷീനാണ്.

സെഞ്ചുറിയും അർധസെഞ്ചുറിയുമായി കളം നിറയുന്ന കോലിയുടെ ചിറകിൽ ഇന്ത്യ നിരവധി മത്സരങ്ങളിൽ വിജയക്കൊടി പാറിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ കോലി മൂന്നാമതാണ്. 70 സെഞ്ചുറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. സച്ചിൻ (100), റിക്കി പോണ്ടിങ് (71) എന്നിവരാണ് കോലിയുടെ മുന്നിലുള്ളത്.പക്ഷെ ഈ നേട്ടങ്ങൾ ഒക്കെയും നിലവിലെ സാഹചര്യത്തിൽ തുണയാകുമോ എന്ന് കണ്ടറിയേണ്ടി വരും.

കോഹലി പരാജയം തുടർക്കഥയാക്കുമ്പോൾ ടെസ്റ്റ് ടീമിന്റെയും അമരത്തേക്ക് രോഹിത് ശർമ്മ എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോഹ്ലിയും മാനേജ്‌മെന്റും തമ്മിലുള്ള ശീതസമരം ഇതിന് ആക്കം കൂട്ടുകയും ചെയ്യും എന്ന് കണക്കൂകൂട്ടുന്നവരുമുണ്ട്.എന്ത് തന്നെയായലും തന്റെ പഴയപ്രതാപത്തിന്റെ നിഴലെങ്കിലും കോഹ്ലിക്ക് പ്രകടമാക്കാൻ സാധിച്ചില്ലെങ്കിൽ അത് താരത്തിന്റെ കരയറിന് തന്നെ കരിനിഴൽ വീഴ്‌ത്തിയേക്കും.