- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
45 മത്സരങ്ങളിൽ 29 ജയം; ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇംഗ്ലണ്ടിലും പരമ്പര; അവസാനം കളിച്ച 10 പരമ്പരകളിൽ തോറ്റത് ഒരെണ്ണത്തിൽ മാത്രം; ട്വന്റി20യിൽ കോലിയുടേത് മികച്ച റെക്കോർഡുകൾ
മുംബൈ: ട്വന്റി 20 ലോകകപ്പിനുശേഷം ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. പരിമിത ഓവർ ക്രിക്കറ്റിന്റെ നായക സ്ഥാനത്ത് നിന്നും വിരാട് കോലി ഒഴിഞ്ഞേക്കുമെന്ന അഭ്യാഹങ്ങൾ പ്രചരിച്ച് തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ വാർത്തകൾ തള്ളിക്കളഞ്ഞ് ബിസിസിഐ നേതൃത്വം തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഐപിഎൽ പോരാട്ടം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചത്.
കോലി തന്നെ തീരുമാനം പ്രഖ്യാപിച്ചതോടെ രണ്ട് ദിവസമായി പുറത്തുവന്ന റിപ്പോർട്ടുകൾ യാഥാർത്ഥ്യമായിരിക്കുന്നു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കിരീടം നേടാൻ ഇതുവരെയായിട്ടില്ലെങ്കിലും ട്വന്റി 20യിൽ ഇന്ത്യൻ കുപ്പായത്തിൽ അത്ര മോശം ക്യാപ്റ്റനൊന്നുമല്ല കോലി.
ഐപിഎൽ കിരീടനേട്ടങ്ങളുടെ പേരിൽ രോഹിത്തിനെ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന് ആരാധകർ കുറേക്കാലമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ട്വന്റി 20യിൽ കോലിയുടെ റെക്കോർഡുകൾ ഏതൊരു ക്യാപ്റ്റനെയും അസൂയപ്പെടുത്തുന്നതാണ്.
ക്യാപ്റ്റനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലും ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ട്വന്റി 20 പരമ്പര നേടിയ ഒരേയൊരു ഇന്ത്യൻ നായകനാണ് കോലി. വിരാട് കോലിക്ക് കീഴിൽ അവസാനം കളിച്ച 10 ട്വന്റി 20 പരമ്പരകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഇന്ത്യയിൽ നടന്ന പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അത്.
കഴിഞ്ഞ പത്ത് ട്വന്റി 20 പരമ്പരകളിൽ ഇംഗ്ലണ്ടിനെതിരെ(3-2), ഓസട്രേലിയക്കെതിരെ(2-1), ന്യൂസിലൻഡിനെതിരെ(5-0), ശ്രീലങ്കക്കെതിരെ(2-0), വെസ്റ്റ് ഇൻഡീസിനെതിരെ(2-1), ദക്ഷിണാഫ്രിക്കക്കെതിരെ(1-1), വെസ്റ്റ് ഇൻഡീസിനെതിരെ(2-0), ഓസ്ട്രേലിയക്കെതിരെ(1-1), ഇംഗ്ലണ്ടിനെതിരെ(2-1) എന്നിങ്ങനെയാണ് കോലിയുടെ റെക്കോർഡ്.
ആകെ 45 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലി 29 എണ്ണത്തിൽ ജയം സമ്മാനിച്ചപ്പോൾ 14 എണ്ണം തോറ്റു. 64.44 ശതമാനമാണ് കോലിയുടെ വിജയശതമാനം. കരിയറിൽ 89 ട്വന്റി 20 മത്സരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയിൽ 3159 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ 48.45 ശരാശരിയിൽ 143.18 പ്രഹരശേഷിയിൽ 1502 റൺസും ടി20യിൽ കോലി നേടി.
2017ൽ മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിരാട് കോലി തൽസ്ഥാനത്തെത്തുന്നത്. വിവിധ ഫോർമാറ്റുകളിൽ കോലിക്കു കീഴിൽ മികച്ച പ്രകടനം നടത്തുമ്പോഴും പ്രധാനപ്പെട്ട ഐസിസി ടൂർണമെന്റുകളിലൊന്നും ടീമിന് കിരീടം സമ്മാനിക്കാൻ കോലിക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകനാണെങ്കിലും അവിടെയും ഇതുവരെ കിരീടം നേടാൻ കോലിക്ക് സാധിച്ചിട്ടില്ല.
അതേസമയം, ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് രോഹിത് ശർമയ്ക്കുള്ളത്. രോഹിത്തിനു കീഴിലാണ് 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളായത്.
അതേ സമയം വിരാട് കോലി നായകനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 132 മത്സരങ്ങൾ നയിച്ചപ്പോൾ 60 മത്സരങ്ങളിൽ ജയംനേടാനായി. 65 മത്സരങ്ങളിൽ പരാജയം നേരിട്ടു. നാല് മത്സരങ്ങൾ ഫലം കാണാതെ പോയി.
ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോർഡാണുള്ളത്. കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 15 വിജയങ്ങൾ സമ്മാനിച്ചു. ഇതിനു പുറമേ 2018ലെ നിദാഹാസ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കി.
മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി 2017ലാണ് കോലി ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. കോലിക്കു പകരം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്.
സ്പോർട്സ് ഡെസ്ക്