- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കും; ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഏകദിന ക്യാപ്റ്റനല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; അതൃപ്തി പരസ്യമാക്കി കോലി; ഇന്ത്യൻ ടീമിനായി കളിക്കുക എന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാനാകില്ലെന്നും കോലി
മുംബെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുമെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോലി. ചീഫ് സെലക്ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നും വിരാട് കോലി വ്യക്തമാക്കി. ഡിസംബർ 26-ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോലി. താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് കോലി വാർത്താസമ്മളനം വിളിച്ചതും വിശദീകരണം നൽകിയതും.
'ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വലിയ ആവേശത്തോടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയെ കാണുന്നത്. ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും. ഇന്ത്യൻ ടീമിനായി കളിക്കുക എന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാനാകില്ല. രോഹിത് ശർമ ടെസ്റ്റിൽ കളിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യൻ ടീമിന് നഷ്ടമാകും.
ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ചീഫ് സെലക്ടർ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. അതിനുശേഷം ഫോൺ കോൾ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റൻ ഞാൻ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടർമാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടർ അറിയിച്ചു.' വാർത്താ സമ്മേളത്തിൽ കോലി വ്യക്തമാക്കുന്നു.
ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് ബാറ്റിങ്ങിൽ പോസിറ്റീവ് ഫലം നൽകുമോ എന്ന് അറിയില്ല. ഇത്തരം കാര്യങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ബാറ്റ് ചെയ്യുമ്പോൾ ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു. എന്നാൽ ആ മോട്ടിവേഷൻ ലെവൽ താഴേക്ക് പോവില്ല എന്നാണ് വിശ്വസിക്കുന്നതെന്നും കോലി വ്യക്തമാക്കി.
ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിരുന്നില്ല. രോഹിത്ത് ശർമ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയിൽ നിന്ന് പിന്മാറുമെന്നും വാർത്തകളെത്തി. ബിസിസിഐയെ കോലി ഇക്കാര്യം അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്ത വന്ന ശേഷം കോലി പരസ്യ പ്രതികരണമൊന്നും നടത്തിയില്ല. ഇതിനിടെ ഏകദിന പരമ്പരയിൽ നിന്നുള്ള കോലിയുടെ പിന്മാറ്റത്തെ അച്ചടക്ക ലംഘനമായി കാണുമെന്ന നിലപാടിലേക്ക് ബിസിസിഐ എത്തി. ഇക്കാര്യം അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു.
നേരത്തെ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനുൾപ്പെടെ രംഗത്തു വന്നിരുന്നു. 'താരങ്ങൾ വിശ്രമം എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഏത് സമയത്ത് ഇത്തരം തീരുമാനം എടുക്കുന്നു എന്നതാണ് പ്രധാനം. രോഹിത്തിനും കോലിക്കും ഇടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കാൻ മാത്രമേ തീരുമാനം സഹായിക്കൂ' എന്ന് അസ്ഹർ ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഏതെങ്കിലും ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയില്ലെന്നും അസ്ഹർ പറഞ്ഞിരുന്നു.
സ്പോർട്സ് ഡെസ്ക്