ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വർണാഭമായ കാഴ്ചകൾക്കിടയിലും എവരുടേയും ശ്രദ്ധപിടിച്ചു പറ്റിയത് ഒരു കുതിരയായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി തലോടിയ വിരാട് എന്ന കുതിര. ഈ കുതിര അത്ര ചില്ലറക്കാരനല്ല. രാഷ്ട്രപതിയുടെ അംഗരക്ഷക കുടുംബത്തിലെ പ്രധാനി. 200 ലേറെ കുതിരകളാണ് രാഷ്ട്രപതിയുടെ അംഗരക്ഷസംഘത്തിന്റെ ഭാഗമായിട്ടുള്ളത്. അതിൽ പ്രധാനിയാവുകയെന്നാൽ ചില്ലറക്കാര്യമല്ലല്ലോ.

2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിരാട് പത്തൊൻപത് വർഷത്തെ സേവനം പൂർത്തിയാക്കിയതും ഇന്ന് റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടാണ്. 73ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തിരികെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ച ശേഷമായിരുന്നു വിരാടിന്റെ വിരമിക്കൽ അധികൃതർ പ്രഖ്യാപിച്ചത്. പരേഡ് അവസാനിച്ചതോടെ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പുറത്തു തലോടിയാണു വിരാടിനെ യാത്രയാക്കിയത്.

അസാധാരണമായ കഴിവുകളുടെ സേവനത്തിന്റെയും പേരിൽ രാജ്യത്തിന്റെ ആദരം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. വിരാടിന് പ്രായമായതിനാലാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.

ജനുവരി 15-ന് കരസേനാ ദിനത്തിന്റെ ഭാഗമായി വിരാടിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. പരേഡിൽ ഏറ്റവും വിശ്വസ്തനായ കുതിരയായിട്ടായിരുന്നു വിരാടിനെ കണക്കാക്കിയിരുന്നത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിരാടിന് യാത്രയയപ്പു നൽകി.

രാഷ്ട്രപതിയുടെ അംഗരക്ഷകരായുള്ള കുതിരപ്പടയിൽ പ്രധാനിയായിരുന്നു വിരാട്. പതിമൂന്ന് തവണ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ പ്രധാനകുതിരയായി റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുത്തന്ന അപൂർവ ബഹുമതി വിരാടിന് മാത്രം സ്വന്തമാണ്. പത്തൊൻപത് വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രപതിയുടെ അശ്വാരൂഢ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിക്കുകയാണ് തികഞ്ഞ അച്ചടക്കത്തിലൂടെ എന്നും ശ്രദ്ധേയനായിരുന്ന വിരാട്. തന്റെ സൈനീക സേവനം അവസാനിപ്പിച്ച വിരാടിന് സൈന്യം പ്രത്യേക ബഹുമതി നൽകിയാണ് ആദരിച്ചത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം നേരിട്ടെത്തി വിരാടിനെ തലോടുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2003ൽ ഹെംപൂരിലെ റിമൗണ്ട് ട്രെയിനിങ് സ്‌കൂളിൽ നിന്നാണ് വിരാട് രാഷ്ട്രപതിയുടെ അംഗരക്ഷക കുടുംബത്തിൽ ചേർന്നത്.

ഹോണോവേറിയൻ ഇനത്തിൽപ്പെട്ട ഈ കുതിര അച്ചടക്കത്തിന് പേരുകേട്ടതാണ്. ഈ അനുസരണ ശീലം തന്നെയാണ് അവനെ പ്രസിദ്ധനാക്കിയതും. പ്രായമായിട്ടും ഈ പ്രത്യേക സവിശേഷതയെ മുൻനിർത്തിയാണ് 2022 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ സൈന്യം അവസാനമായി അവന് അനുമതി നൽകാൻ കാരണം. 

രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിരമിക്കലിന് മുൻപുള്ള റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇന്ന് നടന്നത്. രാജ്യത്തിന്റെ സർവ്വ സൈന്യാധിപനൊപ്പം 73ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കാഴ്‌ച്ചകൾക്കിടെ എവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത് പത്തൊമ്പത് വർഷം രാജ്യത്തിന് സേവനം ചെയ്ത വിരാടാണ്.

പ്രായമായിട്ടും അച്ചടക്കത്തിൽ കടുകിട വ്യതിചലിക്കാതെയുള്ള പ്രയാണമാണ് അവസാനമായി 2022ലെ റിപ്ലബ്വിക്ക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ സൈന്യം അനുമതി നൽകാൻ കാരണം. സേവനം കണക്കിലെടുത്ത് ജനുവരി 15-ന് വിരാടിന് സേന കമൻഡേഷൻ നൽകി ആദരിച്ചിരുന്നു. ഇത്തരത്തിൽ സേനയുടെ കമൻഡേഷൻ ലഭിക്കുന്ന ആദ്യത്തെ കുതിര കൂടിയാണ് വിരാട്. രാഷ്ട്രപതിയുടെ അംഗരക്ഷാ സേനയിൽ ചാർജർ എന്ന പേരിലായിരുന്നു വിരാട് അറിയപ്പെട്ടിരുന്നത്.