- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്ത ആ ചിത്രം ഫാ. സ്റ്റാൻ സ്വാമിയുടേതല്ല!; ആശുപത്രിയിൽ കാൽ ചങ്ങലയ്ക്കിട്ട ആൾ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ബാബുറാം ബൽവാൻ സിങ്; 'വ്യാജ' ചിത്രം പങ്കുവച്ചവരിൽ എഴുത്തുകാരും മാധ്യമപ്രവർത്തകരും
ന്യൂഡൽഹി: ഫാ. സ്റ്റാൻ സ്വാമിയുടെ മരണ വാർത്തക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു ചിത്രം ബാബുറാം ബൽവാൻ സിങ് എന്ന ആളുടേത്. കുറിപ്പുകൾക്കൊപ്പം ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ഒരെണ്ണം ആശുപത്രി കിടക്കയിൽ കാൽ ചങ്ങല കൊണ്ടു ബന്ധിച്ച, ഓക്‌സിജൻ മാസ്‌ക് വച്ച വയോധികനായ ഒരാളുടേതാണ്. എന്നാൽ, ആ ചിത്രം ഫാ. സ്റ്റാൻ സ്വാമിയുടേതല്ല. ഇതറിയാതെ, നൂറു കണക്കിനു പേർ എല്ലാ സമൂഹമാധ്യമങ്ങളിലും ഈ ചിത്രം ഷെയർ ചെയ്യുന്നുണ്ട്.
ഭീമ കൊറേഗാവ് കേസിൽ തടവിലാക്കപ്പെട്ട അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പോസ്റ്റു ചെയ്യുന്നുണ്ട്. ഇതിൽ ഒരു ചിത്രമാണ് സ്റ്റാൻ സ്വാമിയുടേതെന്ന് തെറ്റിദ്ധരിച്ച് ഷെയർ ചെയ്യപ്പെട്ടത്.
ചിത്രത്തിലുള്ളത്, ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലുള്ള ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിൽ കഴിയുന്ന ഒരു കൊലപാതകക്കേസ് പ്രതിയുടേതാണ്. ബാബുറാം ബൽവാൻ സിങ് എന്ന ഈ 92 വയസ്സുകാരന്റെ ചിത്രം ഇക്കഴിഞ്ഞ മേയിൽ ദേശീയ തലത്തിൽ വലിയ ചർച്ചയായതാണ്. വയോധികനായ പ്രതിയെ ചങ്ങലക്കിട്ടതിന്റെ പേരിൽ ജയിൽ വാർഡനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കം പ്രശ്‌നത്തിൽ ഇടപെട്ടു.
കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ബാബുറാം കഴിഞ്ഞ ഫെബ്രുവരി മുതൽ ആശുപത്രിയിലായിരുന്നു. കോവിഡ് ബാധിതനും. ബാബുറാമിന്റെ ചിത്രം പുറത്തുവന്നതും തുടർനടപടികളും ദേശീയ വാർത്താ ഏജൻസികളും മാധ്യമങ്ങളും അപ്പോൾതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. നിർഭാഗ്യവശാൽ, ആ ചിത്രമാണ് ഫാ. സ്റ്റാൻ സ്വാമിയുടേതെന്ന പേരിൽ തിങ്കളാഴ്ച ഉച്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രമുഖരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിലെ വ്യക്തിയുടെ പ്രായവും രൂപസാദൃശ്യവുമാണ് അതു ഫാ. സ്റ്റാൻ സ്വാമിയുടേതാണെന്നു സംശയിക്കാൻ കാരണം. ഇത്തരം ചിത്രങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ഇന്റർനെറ്റിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഫോട്ടോ സെർച്ച് ചെയ്താൽ യഥാർഥ വിവരം കിട്ടും. ഗൂഗിൾ, യാഹൂ, യാൻഡെക്‌സ്, ബിങ് തുടങ്ങി ഒട്ടേറെ സെർച്ച് എൻജിനുകളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷൻ ലഭ്യമാണ്.
ന്യൂസ് ഡെസ്ക്