വിവാഹം കഴിക്കുന്ന പെൺകുട്ടി കന്യകയായിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, വിവാഹം നടക്കണമെങ്കിൽ കന്യകാത്വ പരിശോധനയിൽ വിജയിക്കണമെന്ന അവസ്ഥ വന്നാലോ? അത് പെൺകുട്ടികളോടുള്ള കടുത്ത വിവേചനവും അധിക്ഷേപവുമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, മഹാരാഷ്ട്രയിലെ കഞ്ജർഭട്ട് വിഭാഗത്തിലാണ് ഈ അനാചാരം നിനിൽക്കുന്നത്. രാജസ്ഥാനിൽനിന്ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും കുടിയേറിയ ഗോത്രവിഭാഗമാണ് കഞ്ജർഭട്ടുകാർ.

വിവാഹത്തിന് തൊട്ടുപിന്നാലെയാണ് കന്യകാത്വ പരിശോധന നടക്കുന്നത്. ഭാര്യയും ഭർത്താവും അന്ന് രാത്രി വെള്ളത്തുണിയിലാണ് ഉറങ്ങുക. അവർ ശാരീരിക ബന്ധത്തിലും ഏർപ്പെടും. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് ഈ തുണി പരിശോധിച്ചാണ് വിധി നിർണയിക്കുക. പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായിട്ടുണ്ടെങ്കിൽ അവൾ കന്യകയാണെന്ന് പ്രഖ്യാപിക്കും. രക്തം കണ്ടില്ലെങ്കിൽ, വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് വിധിയെഴുതുകയും വിവാഹം റദ്ദാക്കുകയും ചെയ്യും.

ഇങ്ങനെ പരിശോധന നടത്തുന്നതിന് 300 രൂപവീതം ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് നൽകണം. ചിലർ കൂടുതൽ തുകയും നൽകും. രക്തസ്രാവം കാണാത്ത പെൺകുട്ടിക്ക് പിന്നീട് കടുത്ത ശിക്ഷ നേരിടേണ്ടിവരും. ആരുമായാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് ചോദിച്ചാവും ശിക്ഷ. കുടുംബത്തിന് വലിയ പിഴയും ഈടാക്കും. ചിലപ്പോൾ ഈ കുടുംബത്തിന് സമൂഹത്തിൽനിന്ന് വിലക്കും വരും. ഈ പരിശോധനയ്ക്ക് നിൽക്കാത്തവർക്കും ഭ്രഷ്ട് കൽപിക്കും.

ജാതിപഞ്ചായത്തുകളുടെ ഇത്തരം അനാചാരങ്ങൾ മഹാരാഷ്ട്രയിൽ വ്യാപകമാണ്. ജാതിപഞ്ചായത്തുകൾ വിലക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ 2017 ജൂലൈയിൽ ഉത്തരവിട്ടെങ്കിലും ഇപ്പോഴും ഇവ തുടരുന്നുണ്ട്. പല ഗ്രാമങ്ങളിലും വളരെ പ്രാകൃതമായ ആചാരങ്ങളും ദുരഭിമാനക്കൊല പോലുള്ള നടപടികളും നടക്കുന്നു. കന്യകാത്വ പരിശോധനയെ ചെറുക്കുന്നവരിൽനിന്ന് വൻതോതിലുള്ള പിഴ ഈടാക്കിയും ഇവരെ സമൂഹത്തിൽനിന്ന് അകറ്റിയുമാണ് ഗ്രാമപഞ്ചായത്തുകൾ പകവീട്ടുന്നത്.

ഗ്രാമപഞ്ചായത്തിന്റെ കിരാതമായ കന്യകാത്വ പരിശോധനയ്‌ക്കെതിരേ ഇപ്പോൾ യുവാക്കളും യുവതികളും സംഘടിച്ച് തുടങ്ങിയിട്ടുണ്ട്. വി-റിച്വൽ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരുടെ ചെറുത്തുനിൽപ്പ്. 35 പേരാണ് ഇപ്പോൾ ഗ്രൂപ്പിലുള്ളത്. കടുത്ത പ്രതിഷേധമാണ് മുതിർന്നവരിൽനിന്ന് നേരിടേണ്ടിവരുന്നതെന്ന് വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനായ സിദ്ധാന്ത് പറയുന്നു. '

13 വയസ്സിലും 14 വയസ്സും കുട്ടികൾ ഗർഭിണികളാകുന്ന പാശ്ചാത്യ സംസ്‌കാരം ഇവിടെ വരാതിരിക്കുന്നതിനുവേണ്ടിയാണ് ജാതി പഞ്ചായത്തുകൾ ജാഗ്രത പാലിക്കുന്നതെന്നാണ് പഞ്ചായത്തിലംഗമായ മുകേഷ് മിനേക്കറിന്റെ അഭിപ്രായം.