മെൽബൺ: ഇന്ധന സർചാർജ് ചുരുക്കിയതോടെ അമേരിക്കയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ കുറവ് രേഖപ്പെടുത്തി വിർജിൻ ഓസ്‌ട്രേലിയ. ഇന്ധന വില കുറഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 40 ഡോളറിന്റെ കുറവ് വരുത്തി വിർജിൻ ഓസ്‌ട്രേലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ട്രാൻസ് പസിഫിക് റൂട്ടുകളിലുള്ള ടിക്കറ്റ് നിരക്കാണ് വിർജിൻ നിലവിൽ കുറച്ചിരിക്കുന്നത്. ഇന്ധന സർചാർജ് വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള മറ്റു സർവീസുകൾക്കും ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് വിർജിൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള പുതുക്കിയ ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 40 ഡോളർ കുറയുമ്പോൾ ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 50 ഡോളറാണ് കുറയുക.

ഏതാനും വർഷങ്ങളായി ഏറി നിന്ന ഇന്ധന വില അടുത്തകാലത്ത് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ സാധിച്ചതെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ ഓസ്‌ട്രേലിയൻ ഡോളർ വിനിമയ നിരക്ക് കുറഞ്ഞു നിൽക്കുന്നതും ടിക്കറ്റ് വിലക്കുറവ് കാരണമായി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ പകുതിയോളമായിരിക്കുകയാണ്. അതേസമയം ഇന്ധന വില കുറഞ്ഞിട്ടും എയർലൈനുകളൊന്നും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാത്തത് പലയിടത്തു നിന്നും വിമർശനങ്ങൾക്കു കാരണമായിട്ടുണ്ട്.