വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്നുകൊണ്ടുള്ള വിരാട് കോഹ്ലിയുടേയും അനുഷ്‌ക ശർമയുടേയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വൈറലാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഡിസംബർ 11ന് ഒരു വർഷം തികഞ്ഞ അവസരത്തിലാണ് ഇരുവരും പരസ്പരം ആശംസിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എത്തിയത്.

'ഒരു വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. സമയം എത്ര വേഗമാണ് പറന്ന് പോകുന്നത്. എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്, എന്റെ ആത്മസഖിക്ക്, വിവാഹ വാർഷികാശംസകൾ' എന്ന മനോഹര വാക്കുകളോടൊപ്പം വിവാഹ ചിത്രവുമായിരുന്നു കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വർഗീയമാണ്. ഒരു നല്ല പുരുഷനെ വിവാഹം കഴിക്കുക എന്നത് സ്വർഗ തുല്യമാണ്' എന്ന കുറിപ്പിനൊപ്പം വിവാഹ ദിവസത്തെ നല്ല നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചത്.

അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് വിരാട് കോഹ്ലിയും അനുഷ്‌കയും 2017 ഡിസംബർ 11നാണ് വിവാഹിതരായത്. ഇറ്റലിയിലെ ടസ്‌കാനിയിലെ ബോർഗോ ഫിൻചിറ്റോയിലെ ആഡംബര റിസോർട്ടിൽ വച്ച് ഇരുവരും വിവാഹിതരായെന്ന വാർത്ത പുറത്തു വന്നപ്പോൾ മുതൽ ഇരുവരും വാർത്തകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു. അവരുടെ വിവാഹവും വിവാഹ സത്ക്കാരവും വിവാഹ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായിരുന്നു.

വിവാഹിതരായതിനു ശേഷവും ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. താരങ്ങൾ പരസ്പരം ആശംസ ചൊരിഞ്ഞതിനു പിന്നാലെ ആരാധകർക്കും ഇവർക്ക് ആശംസകൾ നേർന്നു.