ദുബായ്: ലോക്ഡൗണിനെ തുടർന്ന് യു.എ.ഇയിലേക്കുള്ള യാത്ര മുടങ്ങിയവരുടെ വിസകൾ വീണ്ടും ആക്ടിവായി തുടങ്ങി. മാർച്ച് പകുതിയോടെ വിമാനവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് റദ്ദാക്കപ്പെട്ട വിസകളാണ് ബുധനാഴ്ച മുതൽ ആക്ടിവായി തുടങ്ങിയത്.

ഇത്തരക്കാർ നവംബർ ഒന്നിനുമുമ്പ് യു.എ.ഇയിൽ പ്രവേശിക്കണമെന്നാണ് യാത്രക്കാർക്ക് വിവരം ലഭിച്ചിരിക്കുന്നത്. റെസിഡന്റ് വിസയും സന്ദർശക വിസയും ആക്ടിവാകുന്നുണ്ട്. ദുബായ് വിസകൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചത്. മറ്റ് എമിറേറ്റുകളിലെ വിസകൾക്കും ഉടൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക് വരുന്നതിന് ഇൻഷുറൻസ് നിർബന്ധമാണ്. നേരത്തേ റെസിഡന്റ് വിസക്കാർക്ക് മാത്രമായിരുന്നു ഇൻഷുറൻസ് ആവശ്യമായി വന്നിരുന്നത്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശക വിസക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.