ടി കമ്പനികളിലുൾപ്പെടെ വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന എച്ച് വൺ ബി വിസയുടെ ഭാവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുകയാണ്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുന്നതിന് വർഷാവർഷം നൽകുന്ന എച്ച് വൺ ബി വിസയുടെ എണ്ണം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അമേരിക്കൻ കോൺഗ്രസ്സിന്റെ പരിഗണനയിലാണ്. എന്നാൽ, വിസ അനുവദിക്കുന്ന കാര്യത്തിൽ യുഎസ്. കോൺഗ്രസ് തീരുമാനം നീട്ടിവച്ചാലും അതിന്റെ നടപടിക്രമങ്ങളിൽവന്ന തലവേദനകൾ ഇന്ത്യൻ ഐടി കമ്പനികളെ എച്ച് വൺ ബി വിസ തേടുന്നതിൽനിന്ന് പിന്നോട്ടടിപ്പിക്കുകയാണ്.

എംപ്ലോയർ-വെൻഡർ-ക്ലൈന്റ് (ഇ-വി-സി) മാതൃകയിലാണ് മിക്കവാറും എല്ലാ ഇന്ത്യൻ ഐടി കമ്പനികളും എച്ച് വൺ ബി വിസ ഉപയോഗപ്പെടുത്തുന്നതും തൊഴിലാളികളെ അമേരിക്കയിലേക്ക് അയക്കുന്നതും. ഇന്ത്യൻ കമ്പനി അവരുടെ ജീവനക്കാരനെ അമേരിക്കയിലെ മറ്റൊരു സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കാനായി അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇങ്ങനെ അപേക്ഷിക്കുന്ന കമ്പനികൾ സമർപ്പിക്കേണ്ട രേഖകളുടെയും ഉത്തരവാദിത്തങ്ങളുടെയും പട്ടികയാണ് ഇന്ത്യൻ കമ്പനികളുടെ മനസ്സ് മടുപ്പിക്കുന്നത്.

എച്ച് വൺ ബി വിസയ്ക്ക് അപേക്ഷിക്കുമ്പോഴോ വിസ പുതുക്കാൻ അപേക്ഷിക്കുമ്പോഴോ മാതൃകമ്പനി ഹാജരാക്കേണ്ട തെളിവുകൾ കമ്പനികളുടെ ജോലിഭാരം ഇരട്ടിപ്പിക്കുന്നതാണെന്നാണ് ആക്ഷേപം. തൊഴിലാളിയുടെ അമേരിക്കൻ കമ്പനിയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ, യാത്രയുടെ വിശദാംശങ്ങൾ, എച്ച് വൺ ബി വിസയ്ക്ക് അപേക്ഷിക്കുന്നയാളുടെ വൈദഗ്ധ്യം വെളിവാക്കുന്ന രേഖകൾ തുടങ്ങി നൂറായിരം കാര്യങ്ങളാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

മൂന്നുവർഷത്തേയ്ക്ക് മാത്രമേ വിസ അനുവദിക്കൂ എന്നതാണ് പ്രധാന നിഷ്‌കർഷ. അമേരിക്കൻ കമ്പനികളിലേക്ക് പോകുന്നവർ ജോലിയുടെ സ്വഭാവം, അതിലുള്ള വൈദഗ്ധ്യം, ശമ്പളം, ജോലിയുടെ കാലയളവ് തുടങ്ങിയവ വെളിപ്പെടുത്തണം. ഡപ്യൂട്ടേഷനിൽ പോകുന്നവർക്ക് എത്ര കാലത്തേക്കാണോ ഡപ്യൂട്ടേഷൻ അത്രയും കാലയളവിലേക്കുമാത്രമാകും വിസ അനുവദിക്കുക. ഏപ്രിൽ രണ്ടിനാണ് എച്ച് വൺ ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള സീസണിന് തുടക്കമാവുക. നൂലാമാല പിടിച്ച അപേക്ഷാ നടപടി ക്രമങ്ങൾ പല ഐടി കമ്പനികളെയും പിന്നോട്ടടിക്കുകയാണെന്നാണ് സൂചനകൾ.

ഫെബ്രുവരി 22-നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസ് എച്ച വൺ ബി നടപടിക്രമങ്ങൾ കർശനമാക്കുന്ന പുതിയ നയരേഖ പുറത്തിറക്കിയത്. വിദേശികളെ കുറച്ച് തദ്ദേശീയരെ വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകളിൽ ഉൾപ്പെടുത്തുകയെന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമാണ് വിസ നടപടിക്രമങ്ങൾ കർശനമാക്കിയതിനെ വിലയിരുത്തുന്നത്. പുതിയ മാറ്റങ്ങളനുസരിച്ചുള്ള വിസ അപേക്ഷ തയ്യാറാക്കൽ ഓരോ ഐടി കമ്പനിയെ സംബന്ധിച്ചും ഏറെ ചെലവേറുന്നതും സമയനഷ്ടമുണ്ടാക്കുന്നതുമായ പരിപാടിയായി മാറും.

ഓരോ വർഷവും 65,000 എച്ച് വൺ ബി വിസയാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിൽ കൂടുതലും സ്വന്തമാക്കുന്നത് ഇന്ത്യൻ ഐടി കമ്പനികളാണ്. അതുകൊണ്ടുതന്നെ നടപടി ക്രമങ്ങൾ കടുത്തതാക്കിയത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇന്ത്യയെയാണ്. പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് പുറമെ, വിസ പുതുക്കാനുള്ളവർക്കും ഈ നടപടിക്രമങ്ങളത്രയും പാലിക്കണം. ഇതും കൂടുതൽ കമ്പനികളെ എച്ച് വൺ ബി അപേക്ഷിക്കുന്നതിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നുണ്ട്.