മസ്‌കത്ത്: ഒമാനിൽ വീണ്ടും സന്ദർശക വിസ അനുവദിച്ചു തുടങ്ങി. ഫാമിലി വിസിറ്റ്, എക്സ്‌പ്രസ് വിസകൾ എന്നിവയാണ് അനുവദിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദർശക വിസകൾ നിർത്തിവെച്ചത്. കോവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദർശന വിസയിൽ എത്തിയവർക്ക് അധികൃതർ വിസാ കാലാവധി സൗജന്യമായി നീട്ടി നൽകിയിരുന്നു.

ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും വിസാ കാലാവധി കഴിഞ്ഞവർക്ക് ഓൺലൈൻ വഴി പുതുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഈ സേവനം ഇപ്പോഴും ലഭ്യമാണ്. ഇതിനിടെയാണ് ഈ മാസം എട്ട് മുതൽ വീണ്ടും സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങിയത്. പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനും എക്സ്പ്രസ് വിസകളിൽ ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇതിലൂടെ അവസരം ലഭിക്കും.