യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ തുടർന്ന് യൂറോപ്പിന് പുറത്തുള്ള മറ്റ് രാജ്യങ്ങളുമായി പുതിയ വ്യാപാര ബന്ധം പരമാവധി സ്ഥാപിക്കാൻ ഇപ്പോൾ തന്നെ തെരേസയും കൂട്ടരും പരക്കം പായുകയാണല്ലോ. എന്നാൽ ഇതിന് പുറമെ ഇപ്പോഴിതാ പഴയ കോമൺവെൽത്തിനെ കൂടുതൽ ശക്തമാക്കി യൂറോപ്യൻ യൂണിയനോട് മത്സരിക്കാനും യുകെ തയ്യാറെടുത്ത് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലേക്ക് വരാനായി പുതിയ വിസ ഏർപ്പെടുത്താനാണ് തിരിക്ക് പിടിച്ച ഉന്നതതല നീക്കം നടന്ന് വരുന്നത്. കോമൺവെൽത്തിലെ 52 രാജ്യങ്ങളിൽ യുകെയ്ക്ക് പുറമെ 15 രാജ്യങ്ങളാണ് ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രത്തലവിയായി ഇപ്പോഴും അംഗീകരിച്ചിരിക്കുന്നത്.

ഈ 15 രാജ്യങ്ങൾക്ക് വിസ നിയന്ത്രണം എടുത്ത് കളയാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ നീക്കത്തിന്റെ ഗുണമുണ്ടാകുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായിരിക്കുമന്നും സൂചനയുണ്ട്. ഇന്ത്യൻ കോമൺവെൽത്തിൽ അംഗമാണെങ്കിലും രാജ്ഞിയെ തലവിയായി അംഗീകരിക്കുന്ന ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഈ ഇളവിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കില്ല. ഇന്ത്യയ്ക്ക് ബ്രെക്സിറ്റിന് ശേഷവും യുകെയിലേക്ക് വിസ വേണ്ടി വരുമെങ്കിലും കോമൺവെൽത്തിലെ അംഗമെന്ന നിലയിൽ പ്രത്യേക ഇളവുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. പുതിയ പാസ്പോർട്ട് നീക്കുപോക്കുകളുടെ ചർച്ചകൾ പ്രാരംഭ തലത്തിലെത്തിയിട്ടേയുള്ളുവെന്നാണ് കോമൺവെൽത്തിന്റെ ഉന്നതലവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

യുകെയ്ക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ജമൈക്ക, ആന്റിഗുവ,ബാർബുഡ, ബെലൈസ്, പാപ്പുവ ന്യൂ ഗിനിയ, സെയിന്റ് കിറ്റ്സ്, നെവിസ്, സെയിന്റ് വിൻസെന്റ്, ഗ്രെനേഡൈൻസ്, ടുവാളു, ബാർബഡോസ്, ഗ്രെനാഡ, സോളോമൻ ഐലന്റ്സ്, സെന്റി ലൂസിയ, ബഹാമാസ് എന്നീ രാജ്യങ്ങളാണ് ബ്രിട്ടീഷ് രാജ്ഞിയെ പരമാധികാരിയായി അംഗീകരിച്ചിരിക്കുന്നത്. ഇവർക്ക് ബ്രെക്സിറ്റിന് ശേഷം വിസ നിയന്ത്രണം ഒഴിവാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് യുകെയിലേക്ക് ഫാസ്റ്റ് ട്രാക്ക് വിസയും യുകെയിലേക്ക് അനായാസം കടന്ന് വരുന്നതിനുള്ള മാർഗവും ഏർപ്പെടുത്തിയേക്കും.പരസ്പരമുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം സൗജന്യങ്ങൾ പ്രദാനം ചെയ്യാൻ ബ്രിട്ടൻ ഒരുങ്ങുക.

ഈ വിഷയം കോമൺ വെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ യോഗത്തിൽ വച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രാവർത്തികമാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് സാരം. കോമൺവെൽത്തിലെ പൗരന്മാർക്ക് ഫാസ്റ്റ്ട്രാക്ക് വിസകൾ യുകെയിലേക്ക് നൽകണമെന്ന് മുൻ ഫോറിൻ ഓഫീസ് മിനിസ്റ്ററായ സർ ഹെൻ റി ബെല്ലിങ്ഹാം, മുൻ എഡ്യുക്കേഷൻ മിനിസ്റ്റർ ടിം ലൗഗ്ടൺ എന്നിവരടക്കമുള്ള നിരവധി എംപിമാർ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ട്. പരിഷ്‌കാരം യാഥാർത്ഥ്യമായാൽ 16 രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ബോർഡർ പരിശോധനയിൽ പ്രതത്യേക ഇളവ് ലഭിക്കും. ഇവർക്ക് ഇതിനായി പ്രത്യേക ക്യൂ അനുവദിക്കാനും സാധ്യതയുണ്ട്. അവർക്ക് പാസ്പോർട്ടുകൾക്ക് മുകളിൽ പ്രത്യേ എംബ്ലം പതിച്ച് നൽകുകയും ചെയ്യുന്നതാണ്. എന്നാൽ ഹോം ഓഫീസ് ഇതിനെക്കുറിച്ച് വിശദീകരണമൊന്നും പുറപ്പെടുവിച്ചിട്ടില്ല. ബ്രെക്സിറ്റിന് ശേഷം ഇമിഗ്രേഷൻ നിയമങ്ങളിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും അത് ഏവർക്കും വേണ്ടി പ്രവർത്തിക്കുന്നതായിരിക്കുമെന്നാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.