മെൽബൺ: ഓസ്‌ട്രേലിയൻ വിസയ്ക്കുള്ള ചാർജ് വർധിപ്പിക്കുന്നതിന് ഫെഡറൽ ബജറ്റിൽ ഉൾക്കൊള്ളിച്ച നിർദേശങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പാക്കും. ഓസ്‌ട്രേയിലയിലേക്കുള്ള യാത്രയ്ക്ക് വൻ ചാർജ് നൽകേണ്ടി വരുന്നതിന് പുറമേ ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നതിനുള്ള ഫീസും വർധിപ്പിച്ചിട്ടുണ്ട്. വിവിധ വിസാ, പൗരത്വ ഫീസുകൾ വർധിപ്പിച്ചതിലൂടെ നാലു വർഷം കൊണ്ട് 440 മില്യൺ ഡോളർ ഖജനാവിലേക്ക് നേടിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിസാ അപേക്ഷയ്ക്കുള്ള ചാർജ് വർധന ജൂലൈ ഒന്നു മുതൽ നടപ്പാക്കുമ്പോൾ സിറ്റിസൺഷിപ്പ് അപേക്ഷയ്ക്കുള്ള ഫീസ് വർധന അടുത്ത ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തിലാകുന്നത്. വിസാ ചാർജ് വർധന ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവരേയും ഓഫ്‌ഷോർ താമസക്കാരേയുമാണ് പുതിയ വിസാ ചാർജ് വർധന ബാധിക്കുക. ഓവർസീസ് വിസാ ചാർജ് വർധിപ്പിക്കുകയല്ലാതെ ചൈൽഡ് വിസാ ചാർജ് വർധിപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എത്രത്തോളമാണ് നിരക്ക് വർധനയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാർജ് വർധനയിലൂടെ ആദ്യ വർഷം 103 മില്യൺ ഡോളറാണ് ഖജനാവിലേക്ക് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിൽ ഉയർന്ന തോതിൽ പ്രോപ്പർട്ടി നിക്ഷേപം നടത്തുന്ന വിദേശീയരെ ലക്ഷ്യമിട്ടാണ് വിസാ ചാർജ് വർധന വരുത്തിയിട്ടുള്ളത്. ലോക്കൽ പ്രോപ്പർട്ടി മാർക്കറ്റിൽ വിദേശ നിക്ഷേപം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം ഫെഡറൽ സർക്കാരിന്റെയും വിക്ടോറിയൻ ഗവൺമെന്റിന്റേയും ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

വിസാ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്തുന്ന വിദേശീയർ ഉയർന്ന ടാക്‌സും അടയ്ക്കണമെന്ന് ബജറ്റിൽ നിർദേശമുണ്ട്. അടുത്ത ഡിസംബർ മുതൽ എല്ലാ റിയൽ എസ്റ്റേറ്റ്, അഗ്രിക്കൾച്ചറൽ വിദേശ നിക്ഷേപത്തിനും അപേക്ഷ ഫീസ് ഇടാക്കുന്നുണ്ട്. 5000 ഡോളറിനും 10,000 ഡോളറിനും മധ്യേ വിലയുള്ള പ്രോപ്പർട്ടിക്ക് അപേക്ഷാ ഫീസും നൽകണം. നിയമലംഘിക്കുന്ന വിദേശ നിക്ഷേപകരുടെ മേൽ പിഴ ഈടാക്കാനും നീക്കമുണ്ട്.