മസ്‌ക്കറ്റ്: നിർമ്മാണ തൊഴിലാളികൾ, മരപ്പണിക്കാർ, ലോഹ സംസ്‌ക്കരണ വിദഗ്ദ്ധർ, തോട്ടം തൊഴിലാളികൾ, സെയിൽസ് മാർക്കറ്റിങ് പ്രൊഫഷണലുകൾ, ശുചീകരണതൊഴിലാളികൾ  തുടങ്ങിയ ഒമ്പത് പ്രൊഫഷണലുകളിലുള്ളവരുടെ വിസാ നിരോധനം ആറു മാസത്തേക്കു കൂടി നീട്ടി. മുമ്പു നടപ്പാക്കിയിരുന്ന നിരോധനം തുടരാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

മരപ്പണിക്കാർ, ലോഹസംസ്‌ക്കരണ വിദഗ്ദ്ധർ, ഇഷ്ടിക ചൂളയിലെ പണിക്കാർ എന്നിവർക്കുള്ള വിസാ നിരോധനം ജനുവരി ഒന്നു മുതൽ നിലവിൽ വരും. ബാക്കിയുള്ളവയ്ക്ക് ഡിസംബർ ഒന്നു മുതൽ തന്നെ നിരോധനമുണ്ട്. നിർമ്മാണ തൊഴിലാളികൾക്ക് മേൽ ആദ്യം പുതിയവിസകൾ അനുവദിക്കുന്നതിന് നിരോധനം വന്നത് 2013നവംബറിൽ ആയിരുന്നു. അന്ന് ശുചീകരണ പ്രവർത്തനം നടത്തുന്നവർക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. 2013 ഡിസംബറിൽ സെയിൽസ് മാർക്കറ്റിങ് പ്രൊഫഷണലുകൾക്കും ഓട്ടകത്തെ പരിചരിക്കുന്നവർക്കും കൂടി പുതിയ വിസ നൽകുന്നതിന് നിരോധനം വന്നു. മരപ്പണിക്കാർക്കും, കൊല്ലപ്പണിക്കാർക്കും, ലോഹസംസ്‌കരണവിദഗ്ദ്ധർക്കും , ഇഷ്ടക ചൂളിയിലെ പണിക്കാർക്കും നിരോധനം വന്നത് 2014 ജനുവരി ഒന്ന് മുതൽ ആയിരുന്നു. പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് നിരോധനം ബാധകമായിരിക്കുന്നത്.

വിസ പുതുക്കുന്നവർക്ക് ഇത് ബാധകമല്ല. അന്തർദേശീയ നിലവാരത്തിലുള്ള കമ്പനികൾക്ക് ഇത് ബാധകമായിരിക്കില്ല. കൺസൾട്ടൻസികൾ, സർക്കാർ പ്രൊജക്ടുകൾ നടത്തുന്നവർ എന്നിവർക്കും നിരോധനം ബാധകമാകില്ല. പബ്ലിക് അഥോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിൽ ഇൻഷുർ ചെയ്തിരിക്കുന്നതും പബ്ലിക് അഥോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർെ്രെപസ് ഡവലപ്‌മെന്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതുമായ സ്ഥാപന ഉടമ തന്നെ പൂർണ സമയം നടത്തുന്ന കമ്പനികൾക്കും തീരുമാനം ബാധകമല്ല.