കൊച്ചി: വിദേശത്തേക്ക് പോകാൻ കൊതിക്കുന്നവരാണ് ഏറെ മലയാളികളും. അതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ പോകാൻ ഇഷ്ട്ടപെടുന്നവരാണ്. അതിന് കാരണം ഉയർന്ന ശമ്പളം എന്നത് തന്നെ. എന്നാൽ ഐ.ഇ.എൽ.ടി.എസ് എന്ന കടമ്പ കടക്കാതെ ഇവിടെ എത്തിപ്പെടാൻ പറ്റില്ല എന്നതിനാൽ പലരും ഉള്ളിലെ ആഗ്രഹം അടക്കി വയ്ക്കാറാണ് പതിവ്. ഇത് മനസ്സിലാക്കി ഐ.ഇ.എൽ.ടി.എസ് വേണ്ട യു.കെ.യിൽ പോകാൻ എന്ന പരസ്യം നൽകി ഇത്തരക്കാരെ ചൂഷണം ചെയ്ത് പല കൺസൾട്ടിങ് സ്ഥാപനങ്ങളും പണം തട്ടുന്നത് പതിവാണ്. അഥവാ സ്റ്റുഡന്റ് വിസയിൽ പോയാലും അവിടെ എത്തി ഐ.ഇ.എൽ.ടി.എസ് പാസ്സാകണം. ഇത്തരത്തിൽ ചതിയിൽ പെടുന്നവരുടെ കഥകൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ദിനം പ്രതി വരുമ്പോഴും ചൂഷണക്കാരുടെ കക്ഷത്തിലേക്ക് തല വച്ചു കൊടുക്കാൻ ഇപ്പോഴും ആളുകൾ ഉണ്ട്.

കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു സംഭവം കലൂരിൽ നടന്നു. യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയുടെ പക്കൽ നിന്നും 1.83 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ നോർത്ത പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന യൂറോ ഏഷ്യ എന്ന സ്ഥാപവനത്തിന്റെ ഉടമ കലൂർ ആസാദ് റോഡ് ചെറുപിള്ളി ലൈനിൽ തങ്കച്ചനെ(59)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സംക്രാന്തി സ്വദേശി ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്.

രണ്ട് വർഷം മുൻപ് ജോസഫിന്റെ മകന് യു.കെയിൽ ജോലി വാഗ്ദാനം ചെയ്യുകയും അതിനായി 1.83 സക്ഷം രൂപയും തങ്കച്ചൻ വാങ്ങുകയും ചെയ്തിരുന്നു. സംഭവത്തെപറ്റി ജോസഫ് പറയുന്നതിങ്ങനെ; 'രണ്ട് വർഷം മുൻപ് പത്രത്തിലാണ് യു.കെയിലേക്ക് പോകാൻ ഐ.ഇ.എൽ.ടി.എസ് വേണ്ട എന്ന് കാട്ടി യൂറോ ഏഷ്യ എന്ന സ്ഥാപനം കൊടുത്തിരുന്ന പരസ്യം കണ്ടത്. അങ്ങനെ അവർ കൊടുത്തിരുന്ന നമ്പരിൽ വിളിക്കുകയും നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാനും മകനും കലൂരിലെ യൂറോ ഏഷ്യ യുടെ ഓഫീസിലെത്തുകയും എം.ഡിയെ നേരിട്ട് കാണുകയും ചെയ്തത്.

അപ്പോൾ അഞ്ച് ലക്ഷം രൂപയാകുമെന്നും വിസാ പ്രോസസിങ്ങിനായി 1.83 ലക്ഷം ആദ്യം അടയ്ക്കണമെന്നും വിസ കൈയിൽ കിട്ടുമ്പോൾ ബാക്കി തുക നൽകണമെന്നും അറിയിച്ചു. ഐ.ഇ.എൽ.ടി.എസ് വേണ്ട എന്നും യു.കെയിൽ എത്തുമ്പോൾ മകന് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുമോ എന്നൊരു ടെസ്റ്റ് മാത്രം ഉണ്ടാകൂ എന്നും പറഞഅഞിരുന്നു. അങ്ങനെയാണ് പണം കൈമാറുന്നത്. പണം സ്വീകരിച്ചിട്ട് റസീപ്റ്റും തന്നിരുന്നു. എന്നാൽ ഒരുമാസത്തിനുള്ളിൽ വിസ ശരിയാക്കാം എന്ന് പറഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരമില്ലാതായതോടെ വീണ്ടും കലൂരിലെ സ്ഥാപനത്തിൽ എത്തി. അപ്പോൾ സ്ഥാപനം അടഞഅഞു കിടക്കുന്നതാണ് കണ്ടത്. സമീപത്തെ കടയിൽ ചോദിച്ചപ്പോൾ വിസ തട്ടിപ്പ് നടത്തി എന്നും സ്ഥാപന ഉടമയായ തങ്കച്ചൻ വിദേശത്തേക്ക് കടന്നു എന്നും അറിയുന്നത്. അങ്ങനെയാണ് നോർത്ത് പൊലീസിൽ പരാതി നൽകുന്നത്.

പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തങ്കച്ചൻ നാട്ടിലെത്തിയ വിവരം പൊലീസ് അറിയുന്നത്. നോർത്ത് സി.ഐ കെ.ജെ പീറ്റർ, എസ്.ഐ വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നിരവധി തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2003 ലാണ് തങ്കച്ചൻ യൂറോ ഏഷ്യ എന്ന സ്ഥാപനം എറണാകുളത്ത് തുടങ്ങിയത്. തൃശൂരും കോട്ടയത്തും ബ്രാഞ്ചുകളും ഉണ്ടായിരുന്നു.

ഡെന്മാർക്കിലും യു.കെ യിലും നേഴ്സിങ് ജോലി വാഗ്ദാനം നൽകി നിരവധി പേരെ തട്ടിച്ചു പണം വാങ്ങിയതിന് 2009 ൽ നോർത്ത് പൊലീസ് ഇയാളെ അറസ്റ് ചെയ്തിരുന്നു. ഇന്നലെ പ്രതിയെ അറസ്റ്റ് ചെയതതോടെ നിരവധി പേർ പരാതിയുമായെത്താൻ സ്ധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.