ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ് സർക്കാർ പുതുക്കി നിശ്ചിച്ചു. സൗദി കിരീടാവകാശിയും ആഭ്യന്തര കാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ നാഇഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് വിസ ഫീസ് പുതുക്കി നിശ്ചയിച്ചത്. ഒക്ടോബർ രണ്ടുമുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയും പുതുക്കിയിട്ടുണ്ട്.

രണ്ടു മാസത്തേക്ക് ഒരു യാത്രക്കുള്ള എക്‌സിറ്റ്, റീഎൻട്രി വിസക്ക് 200 സൗദി റിയാലാണ് ഇനി നൽകേണ്ടി വരിക. ഇഖാമ കാലാവധി കഴിയുന്നത് വരെ ഓരോ മാസത്തിലും 100 റിയാൽ നൽകണം. ആദ്യ തവണ ഹജ്ജ്, ഉംറ തീർത്ഥാടനത്തിനുള്ള വിസ ഫീസ് സൗജന്യമാണെങ്കിലും രണ്ടാം തവണ 2000 റിയാൽ നൽകണം.

രാജ്യം സന്ദർശിക്കുന്ന വിദേശികൾക്കുള്ള വിസക്ക് ആറുമാസത്തേക്ക് 3000 റിയാലും ഒരു വർഷത്തേക്ക് 5000 റിയാലും രണ്ടു വർഷത്തേക്ക് 8000 റിയാലുമാക്കി. കൂടാതെ സഞ്ചാര വിസക്ക് 300 റിയാലായും നിജപ്പെടുത്തി.

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാലുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. അലക്ഷ്യമായി വാഹന ഓടിക്കുന്നത് ട്രാഫിക് നിയമലംഘനത്തിൽ ഉൾപെടുത്തുകയും ആദ്യതവണ നിയമലംഘനം നടത്തുന്നവരുടെ വണ്ടി 15 ദിവസത്തേക്ക് പിടിച്ചെടുക്കുകയും 20,000 റിയാൽ പിഴ ഈടാക്കുകയും ചെയ്യും. രണ്ടാം തവണ 30 ദിവസത്തേക്ക് ഇത് 40,000 റിയാലും മൂന്നാം തവണ വണ്ടി പിടിച്ചെടുക്കുകയും 60000 റിയാൽ പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ നിയമലംഘകനെ കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അതേസമയം, മോഷ്ടിക്കപ്പെട്ടതോ വാടകക്കെടുത്തതോ ആയ വാഹനങ്ങൾ പിടിച്ചെടുക്കുകയില്ല.