- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്നികളെ വെട്ടാൻ ആളില്ലാത്തതിനാൽ ഒരു ലക്ഷത്തിലധികം പന്നികൾ വെറുതെ നിൽക്കുന്നു; ക്രിസ്ത്മസ് പ്രമാണിച്ച് 1000 ഇറച്ചിവെട്ടുകാർക്ക് വിസ കൊടുക്കാൻ ബ്രിട്ടൻ
ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ പല മേഖലകളിലും രൂക്ഷമായ തൊഴിൽ നഷ്ടം അനുഭവപ്പെട്ട ബ്രിട്ടനിൽ ഇപ്പോൾ ചില മേഖലകളിൽ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യമാണ്. ലോറി ഡ്രൈവർമാരുടെ ക്ഷാമം വൻ പ്രതിസന്ധിയുണ്ടാക്കുകയും അതൊരു വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തപ്പോൾ, മറ്റു ചിലയിടങ്ങളിലെ തിഴിലാളി ക്ഷാമം അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്നു എന്നുമാത്രം. ഇത്തരത്തിലൊരു മേഖലയാണ് കശാപ്പ്. ഈ മേഖലയിലെ ക്ഷാമം പരിഹരിക്കുവാൻ 1000 കശാപ്പുകാർക്ക് താത്ക്കാലിക വിസ അനുവദിക്കുവാൻ ഇന്നലെ കൂടിയ മന്ത്രിസഭായോഗം തീരുമാനമെടുത്തു.
കശാപ്പുകാരുടെ ക്ഷാമം മൂലം ഒരു ലക്ഷത്തോളം പന്നികളാണ് വെട്ടാൻ പാകമായിട്ടും ചുമ്മാ നിൽക്കുന്നത്. ക്രിസ്ത്മസ് കാലത്ത് ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഈ തീരുമാനം. രണ്ടാഴ്ച്ചമുൻപായി കശാപ്പുകാരുടെ ക്ഷാമം പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികൾക്ക് വിസ നൽകുകയോ കുടിയേറ്റ നിയമങ്ങളിൽ അയവുവരുത്തുകയോ ചെയ്യില്ലെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഈ തീരുമാനം.
ഇറച്ചിവെട്ടുകാരില്ലാത്തതിനാൽ ഒരു ലക്ഷത്തോളം പന്നികൾ വെട്ടാതെ നിൽക്കുകയാണെന്നും ഒരു സമയപരിധി കഴിഞ്ഞാൽ ഇവയൊക്കെ ഉപയോഗശൂന്യമാകുമെന്നും കഴിഞ്ഞദിവസം കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഉപയോഗശൂന്യമായ 4500 ഓളം പന്നികളെ കണ്ടെത്തിയതോടെ സാഹചര്യത്തിന്റെ ഗൗരവം സർക്കാർ മനസ്സിലാക്കുകയും ചെയ്തു. വിദേശത്തുനിന്നും കുറഞ്ഞ കൂലിക്ക് ആളെ ഇറക്കുമതി ചെയ്യുകയല്ല, മറിച്ച് വേതനം മെച്ചപ്പെടുത്തി കൂടുതൽ ബ്രിട്ടീഷുകാരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് വേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം ബോറിസ് ജോൺസൺ പറഞ്ഞത്.
ഏതായാലും അതിൽ നിന്നെല്ലാം പുറകോട്ടുപോയി വിസ നിയമങ്ങളിൽ അയവുവരുത്താൻ ഇന്നലെ കൂടിയ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.വിസ ചട്ടങ്ങളിലെ, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം എന്ന വ്യവസ്ഥയും എടുത്തുമാറ്റിയിട്ടുണ്ട്. ഇതുകാരണം വിദേശങ്ങളിൽ നിന്നും കശാപ്പുകാരെ കിട്ടാനില്ലെന്ന് ഈ മേഖലയിലുള്ളവർ നേരത്തേ പരാതി പറഞ്ഞിരുന്നു.
പന്നികളെ തലയിൽ വെടിവെച്ചു കൊല്ലുന്ന കൾ എന്ന രീതിയാണ് പ്രായപൂർത്തിയായ പന്നികളെ കൊല്ലാൻ സ്വീകരിച്ചത്. മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് തങ്ങൾക്ക് ഇത് ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു. ബ്രിട്ടനിൽ ഒരു മൃഗത്തെ കൊല്ലുന്നതു സംബന്ധിച്ച് വ്യക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്.അതനുസരിച്ച്, നിങ്ങളുടെ സ്വന്തം മൃഗങ്ങളെ നിങ്ങളുടെ ഫാമിൽ വെച്ച് നിങ്ങൾക്ക് കൊല്ലാവുന്നതാണ്. എന്നാൽ, ഇത് നിങ്ങളുടേയോ, അടുത്ത കുടുംബാംഗങ്ങളുടെയോ ഭക്ഷണത്തിനുവേണ്ടി മാത്രമായിരിക്കണം. ഇതിന് ഹോം സ്ലോട്ടർ എന്നു പറയുന്നു.
ഹോം സ്ലോട്ടർ ഒരു അംഗീകൃത കശാപ്പുശാലയിൽ വെച്ച് നടത്തണമെന്നില്ല. എന്നാൽ, ഇതിനുള്ള നിയമങ്ങൾ നിങ്ങൾ കർശനമായും പാലിക്കേണ്ടതുണ്ട്. മാത്രമല്ല, ഹോം സ്ലോട്ടറിലൂടെയുള്ള മാംസം പുറത്ത് വിൽക്കുവാനും സാധിക്കില്ല. അതുപോലെ തങ്ങളുടേ നിലനിൽപ്പിനായി മറ്റു വഴികളില്ലെങ്കിൽ കർഷകർക്ക് മൃഗങ്ങളെ കൊല്ലുവാനുള്ള അനുമതിയുമുണ്ട്. ശാസ്ത്രീയമായ കശാപ്പിലൂടെയല്ലാതെ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസം പക്ഷെ വിൽക്കുവാൻ പാടില്ല.
മറുനാടന് മലയാളി ബ്യൂറോ