സ്വന്തം സംരംഭങ്ങളിലേക്കല്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സോപോൺസർ മാർക്ക് ജയിലും കനത്ത പിഴയും ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതിക്ക് മന്ത്ര്സഭയുടെ അംഗീകാരം.പണം വാങ്ങി വിദേശികളെ റിക്രൂട്ട് ചെയ്യുന്ന സ്വദേശികൾക്ക് 10000 വരെ പിഴശിക്ഷ ലഭിക്കാവുന്ന നിയമ ഭേദഗതിക്കാണ് മന്ത്രിസഭയുടെ അംഗീകാരം നല്കിയത്. 2000 ദിനാർ പിഴയും മൂന്നു വർഷം തടവും ആണ് ഭേദഗതി പ്രകാരം വിസക്കച്ചവടത്തിനുള്ള കുറഞ്ഞ ശിക്ഷ.

വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം മുന്നോട്ടു വച്ച നിയമഭേദഗതിയാണ് കാബിനറ്റ് അംഗീകരിച്ചത്. സ്വന്തം സംരംഭങ്ങളിലേക്കല്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും, സ്വതന്ത്രമായി ജോലിയെടുക്കാൻ പറഞ്ഞുവിടുകയും ചെയ്യുന്ന സ്‌പോൺസർമാർക്ക് മൂന്ന് വർഷത്തെ ജയിൽവാസവും 2000 മുതൽ 10000 ദിനാർ വരെ പിഴയും ഏർപ്പെടുത്തണം എന്നായിരുന്നു പ്രധാന നിർദ്ദേശം.

ഇതനുസരിച്ച് നിയതമായ ജോലിയില്ലാതെ രാജ്യത്തെത്തുന്ന ഓരോ ഓരോ വിദേശിയുടെ പേരിലും സ്‌പോൺസർ ശിക്ഷ അനുഭവിക്കേണ്ടിവരും. സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്ക് മൂന്ന് മാസം തടവ് ശിക്ഷയും 1000 ദീനാർ പിഴയും ഭേദഗതി അനുശാസിക്കുന്നു. ശിക്ഷ അനുഭവിച്ചുകഴിഞ്ഞ തൊഴിലാളികളെ നാടുകടത്തലുൾപ്പെടെ നടപടികൾക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നു.