കോഴിക്കോട്: വിസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ കോഴിക്കോട് ടൗൺ പൊലീസ് പിടികൂടി. തട്ടിപ്പു കേസിലെ പ്രതി താമരശ്ശേരി ചോയിമഠം സ്വദേശി സി പി സെയ്ദ് ആണ് ഒമ്പത് വർഷങ്ങൾക്കു ശേഷം പൊലീസിന്റെ വലയിലായത്. വിസ നൽകാമെന്നു പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്നും പണം വാങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. എന്നാൽ ഇതുവരെയും ഇയാളെ തൊടാൻ പൊലീസിനു സാധിച്ചിട്ടില്ല. പൊലീസ് പല തവണ ഇയാളെ പിന്തുടർന്നെങ്കിലും സെയ്ത് അതിവിദഗ്ദമായി മുങ്ങുകയായിരുന്നു.

പിടികൂടാനെത്തുന്ന പൊലീസിന് യഥേഷ്ടം പണവും മറ്റു ഓഫറുകളും നൽകുന്ന സെയ്ദിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടെന്നാണ് വിവരം. കൂടാതെ വാഹന ഇടപാടുകളും മറ്റു ബിസിനസുകളും സെയ്തിനു കീഴിലുണ്ട്. വീട്ടിൽ തിരഞ്ഞെത്തുന്ന സെയ്തിന് ഒളിച്ചിരിക്കാൻ പാകത്തിൽ പ്രത്യേക അലമാര തന്നെ ഉണ്ടെന്നാണ് വിവരം. പൊലീസ് പലപ്പോഴും വീട്ടിൽ തിരച്ചിൽ നടത്തി ഇയാളെ പിടികൂടാനാകാതെ മടങ്ങുകയാണുണ്ടായത്.

സെയ്ദിനെ തിരഞ്ഞ് പലപ്പോഴും വിലപിടിപ്പുള്ള വാഹനങ്ങളിൽ വരെ ആളുകൾ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തട്ടിപ്പിന് ഇരയായ ആളുകൾ സെയ്ദിന്റെ വീട്ടിൽ ആദ്യമൊക്കെ എത്തിയിരുന്നു. എന്നാൽ പലർക്കും പണം ലഭിക്കാതെ വന്നതോടെ പലരും പിന്മാറുകയും നിയമ നടപടിയുമായി മുന്നോട്ടു പോവുകയുമായിരുന്നു. തട്ടിപ്പിനിരയായവർ വീട്ടിൽ സ്ഥിരം സന്ദർശകരായതോടെയാണത്രെ ഇയാൾ ഒളിച്ചിരിക്കാൻ പാകത്തിലുള്ള അലമാര പണി കഴിപ്പിച്ചതെന്ന് അടുപ്പക്കാർ പറയുന്നു.

ഇത് പിന്നീട് പൊലീസിന്റെ തിച്ചിലിൽ നിന്നും രക്ഷപ്പെടാനുള്ള ഒളിത്താവളമായി. 2007ൽ ആയിരുന്നു സെയിതിനെതിരെ വിസ തട്ടിപ്പു കേസിൽ ആദ്യമായി പരാതി ലഭിക്കുന്നത്. ഒരുകൂട്ടം ആളുകൾ നൽകിയ പരാതിന്മേൽ കോഴിക്കോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടാൻ സാധിക്കാതെ വന്നതോടെ 2011 ൽ പിടികിട്ടാപ്പള്ളിയായി പ്രഖ്യാപിച്ചു. പിന്നീട് പല തവണ കോടതിയിൽ ഹാജരാവാൻ നോട്ടീസ് വന്നെങ്കിലും ഇയാൾ ഹാജാരായില്ല. ഇതോടെ കേസ് വാറന്റാവുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.

ഇതോടെ പ്രതിയെ പിടികൂടാൻ പൊലീസും നിർബന്ധിതരായി. ടൗൺ സിഐ കെഎ ബോസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. സെയ്തിനെ നിരീക്ഷിക്കാൻ സിവിൽ പൊലീസ് ഓഫീസർമാരായ എൻ ജയചന്ദ്രൻ, സജിൽ കുമാർ എന്നിവരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മഫ്തിയിൽ പ്രത്യേകം നിയോഗിച്ചു. ഇതിനിടെ സെയ്ത് വീട്ടിൽ എത്താറുണ്ടെന്ന രഹസ്യവിവരവും ലഭിച്ചു. രാത്രി പത്തുമണിക്ക് വീട്ടിൽ എത്താറുണ്ടെന്നും പുലർച്ചെ അഞ്ചരയ്ക്ക് സ്ഥലം വിടുകയും ചെയ്യാറാണ് പതിവെന്ന് നാട്ടുകാരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു.

ഇതനുസരിച്ച് താമരശ്ശേരിയിലെ സെയിതിന്റെ വീടിനു പരിസരത്തായി കഴിഞ്ഞ രാത്രിയിൽ പൊലീസ് നിലയുറപ്പിച്ചു. രാത്രി 11വരെ കാത്തെങ്കിലും ഫലമുണ്ടായില്ല. അതിനിടെ വിദേശത്തേക്ക് പോകുകയായിരുന്ന ഭാര്യ പിതാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വിടാൻ പോയ വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് പൊലീസ് ബുള്ളറ്റിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

വിമാനത്താവളത്തിൽ മഫ്തിയിൽ എത്തിയ പൊലീസുകാർ യാതൊരു സംശയത്തിനും ഇടവരുത്താതെ സെയ്തിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒടുവിൽ കസ്റ്റഡിയിൽ എടുത്ത വിവരം പൊലീസുകാർ അറിയിച്ചതോടെ അമ്പത് ലക്ഷം രൂപ രണ്ടു പേർക്കായി നൽകാമെന്നും പറഞ്ഞു വിട്ട സർക്കിൾ ഇൻസ്‌പെക്ടർക്ക് പത്തു ലക്ഷം നൽകാമെന്നും സെയ്ത് പറഞ്ഞു. എന്നാൽ കോഴിക്കോട്ടെത്തിയ ശേഷം കച്ചവടം ഉറപ്പിക്കാമെന്നും പിന്നീട് പറഞ്ഞു വിടാമെന്നും വിശ്വസിപ്പിച്ച് പൊലീസുകാർ ഇയാളെ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ ഇയാളുടെ കൂടുതൽ തട്ടിപ്പ് അറിവായതായാണ് സൂചന. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലുമായി ഇയാൾക്കെതിരെ തട്ടിപ്പ് പരാതികളുണ്ട്. കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.