ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രലായം തയാറാക്കിയ ഇന്ത്യയിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടകയിൽ ചൈനയെ ഉൾപ്പെടുത്തിയതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ചില സുപ്രധാന സുരക്ഷാ ആശങ്കകൾ കണക്കിലെടുത്തി ചൈനയിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഈ സൗകര്യം നൽകേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് ആഭന്ത്യര മന്ത്രാലയത്തിനുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ബജറ്റ് നിർദ്ദേശ പ്രകാരം വിസ ഓൺ അറൈവൽ അനുവദിക്കുന്ന ബ്രിട്ടനുൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളുടെ കൂടി പട്ടികയിൽ ചൈനയെ ഉൾപ്പെടുത്തിയതിനെയാണ് ആഭ്യന്തര മന്ത്രാലയം എതിർത്തത്.

ഇതു പ്രകാരം ബ്രിട്ടൻ, ഫ്രാൻസ്, സ്‌പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയെ കൂടി വിസ ഓൺ അറൈവൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ ടൂറിസം സഹമന്ത്രി മഹേഷ് ശർമ്മ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം അടുത്ത രണ്ടോ നാലോ ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് മന്ത്രി ശർമ്മ ചർച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. അതേസമയം ചൈനയെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോട് ആഭ്യന്തര മന്ത്രാലയത്തിന് യോജിപ്പില്ല. രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്ന സുരക്ഷാ ആശങ്കകളാണ് കാരണമായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. ചൈനയെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു മുമ്പ് ഈ പ്രശ്‌നങ്ങൽ കൂടി പരിഹരിക്കേണ്ടതുണ്ടെന്ന് ഒരു മുതിർന്ന മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. അരുണാചൽ പ്രദേശുകാർക്ക് ചൈന നൽകുന്ന പ്രത്യേക വിസയും ഒരു വിലങ്ങാണ്.

അതേസമയം മേയിൽ നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിനു മുന്നോടിയായി വിസകളിൽ ഇളവു നൽകുന്നത് ഒരു നല്ലനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ടുകളെ തള്ളി വിസ ഓൺ അറൈവൽ പട്ടികയിൽ ചൈനയെ ഉൾപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറാകുമോ എന്നും വ്യക്തമല്ല. വിസ ഓൺ അറൈവൽ സൗകര്യമേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളുടെ വരവിലുണ്ടായ കുതിപ്പിനെ തുടർന്നാണ് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കൂടി ഈ സൗകര്യം ഏർപ്പെടുത്താൻ മോദി സർക്കാർ തീരുമാനിച്ചത്. ഈ സംവിധാനത്തിന് ടൂറിസ്റ്റ് വിസ ഓൺ അറൈവൽ- ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നു പേരു നൽകി കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.