ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനേയും പഞ്ചാബിലെ ബീസ് റെയിൽവേ സ്റ്റേഷനേയും തിരഞ്ഞെടുത്തു.

സ്റ്റേഷനുകളെ തിരക്കിന്റെ അടിസ്ഥാനത്തിൽ എ1, എ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റാങ്കിങ് തയ്യാറാക്കിയത്. എ1 വിഭാഗത്തിൽ 75 സ്റ്റേഷനുകളും എ വിഭാഗത്തിൽ 407 സ്റ്റേഷനുകളുമാണുണ്ടായിരുന്നത്.

രാജ്യത്തെ ഏറ്റവും തിരക്കുള്ള 75 റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് വിശാഖപട്ടണം (853 പോയിന്റ്) ഈ ബഹുമതി സ്വന്തമാക്കിയത്. തെലങ്കാനയിലെ സെക്കന്തരാബാദ് സ്റ്റേഷനാണ് (841) വൃത്തിയിൽ രണ്ടാമത്. ജമ്മു റെയിൽവേ സ്റ്റേഷനാണ് (831)മൂന്നാം സ്ഥാനം.

എ വിഭാഗത്തിൽ പഞ്ചാബിലെ ബീസ് (874) ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയിലെ ഖമ്മം സ്റ്റേഷനാണ് (851) രണ്ടാമത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ (843) മൂന്നാം സ്ഥാനത്ത്.
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ എ1 വിഭാഗത്തിൽ എറണാകുളം സൗത്ത് 34-ാം റാങ്ക് നേടിയപ്പോൾ (695 പോയിന്റ്) തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ പട്ടികയിലെ അവസാന അഞ്ചിലാണ്.... 71-ാം സ്ഥാനത്ത് (557). കോഴിക്കോട് 40-ാം റാങ്കും (687), തൃശ്ശൂർ 52-ാം റാങ്കും (635) സ്വന്തമാക്കി.

എ വിഭാഗത്തിൽ ദേശീയതലത്തിൽ 61-ാം റാങ്ക് നേടിയ ആലുവയാണ് പോയിന്റ് അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷൻ (719). തലശ്ശേരി 75-ാം റാങ്കും(712), കോട്ടയം 102-ാം റാങ്കും (683) നേടി. കണ്ണൂർ - 120, കാഞ്ഞങ്ങാട് - 126, പയ്യന്നൂർ -134, കായകുളം - 14, കാസർകോട് - 163,പാലക്കാട് ജം - 171, തിരൂർ - 190 എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളുടെ റാങ്കിങ്.

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയാണ് ഇന്ത്യയിലെ വൃത്തിയുള്ള സ്റ്റേഷൻ കണ്ടെത്താനായി സർവ്വേ നടത്തിയത്. റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബീഹാറിലെ ദർബഹങ്ക സ്റ്റേഷനും (എ1 വിഭാഗം), ജോഗ്ബനി (എ വിഭാഗം) സ്റ്റേഷനുമാണ് ഏറ്റവും വൃത്തിഹീനമായ റെയിൽവേ സ്റ്റേഷനുകൾ.

പ്ലാറ്റ്ഫോമുകളിലെ ടോയ്ലറ്റുകളിലെ വൃത്തി, ട്രാക്കുകളിലെ ശുചിത്വം, വേസ്റ്റ് ബാസ്‌കറ്റുളുടെ സാന്നിധ്യം, ശുചിത്വജീവനക്കാരുടെ പ്രവർത്തനം തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടൊപ്പം പൊതുജനങ്ങളുടെ വിലയിരുത്തലും അന്തിമപട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചു.

എ വൺ കാറ്റഗറിയിൽ പ്രമുഖ സ്റ്റേഷനുകളുടെ റാങ്കിങ്
പുണെ - 9
ബാംഗ്ലൂർ സിറ്റി - 10
ഹൈദരാബാദ് - 16
നിസാമുദ്ദീൻ - 23
ഡൽഹി ജം - 24
മുംബൈ സെൻട്രൽ - 27
യശ്വന്ത്പുര - 32
കോയമ്പത്തൂർ - 33
ന്യൂഡൽഹി - 39
ചെന്നൈ സെൻട്രൽ - 49


എ കാറ്റഗറിയിൽ സ്റ്റേഷനുകളുടെ റാങ്കിങ്
മൈസൂരു - 14
ഗോവ - 37
മംഗളൂരു ജം - 41
സേലം - 52
മംഗളൂരു സെൻട്രൽ - 103
ഈറോഡ് - 110