- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചിതരുടെ മാട്രിമോണിയൽ ആപ്പുകളിൽ സ്ഥിര സന്ദർശകൻ; സർക്കാർ ജോലിയുണ്ടെന്ന് പറഞ്ഞ് ചതിച്ച് 'ഇര'കളെ വീഴ്ത്തു; സുമുഖന്മാരുടെ ചിത്രം കണ്ട് വീഴുന്ന യുവതികളിൽ നിന്നും പണം തട്ടൽ ഹോബി; തട്ടിപ്പുക്കാരൻ വിഷ്ണുവിനെ പൊക്കി ചേർത്തല പൊലീസ്; ചെമ്പഴന്തിക്കാരന്റെ കബളിപ്പിക്കൽ ഇങ്ങനെ
ചേർത്തല: വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചു പണംതട്ടിയെടുക്കുന്ന വിരുതൻ കുടുങ്ങി. ചേർത്തല അർത്തുങ്കൽ പൊലീസാണ് തിരുവനന്തപുരം ചെമ്പഴന്തി ചെറുകുന്നം പങ്കജമന്ദിരത്തിൽ എച്ച്.യു. വിഷ്ണു(27)വിനെ പൊക്കിയത്.
ചേർത്തല ഡിവൈ.എസ്‌പി. ടി.ബി.വിജയനു ചേർത്തല തെക്ക് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇയാൾ ഇതേരീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ട്. വിവാഹമോചിതരായ സ്ത്രീകൾ അംഗങ്ങളായ മാട്രിമോണിയൽ അപേക്ഷകളിൽനിന്നു വിവരം ശേഖരിച്ച് അവരെ ബന്ധപ്പെടും. സർക്കാരുദ്യോഗസ്ഥനാണെന്നു കള്ളം പറയും. താനും വിവാഹമോചിതനാണെന്നും വിവാഹത്തിനു താത്പര്യമുണ്ടെന്നും പറയും.
അതിന് ശേഷം പ്രണയം നടിക്കും. സോഷ്യൽ മീഡിയയിലൂടെയാണ് ഇടപെടൽ എല്ലാം. നേരിട്ട് രംഗത്തു വരില്ല. ചാറ്റുകളിലൂടേയും മറ്റും വിശ്വാസം പിടിച്ചു പറ്റും. അടുത്തഘട്ടത്തിൽ പണം വാങ്ങും. സാമൂഹികമാധ്യമങ്ങളിൽ സ്വന്തം ചിത്രമുപയോഗിക്കാതെ സുമുഖരായ മറ്റുചിലരുടെ ചിത്രങ്ങൾ ചേർത്താണ് ഇയാൾ സ്ത്രീകളെ വലയിലാക്കുന്നത്.
2021-ലാണു വിവാഹമോചിതയായ ചേർത്തല തെക്ക് സ്വദേശിനിയെ ഇയാൾ പരിചയപ്പെട്ടത്. എറണാകുളം കളക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. വിവാഹമോചിതനാണെന്നും മുംബൈ പോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലിയായിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അടുപ്പമായപ്പോൾ പല ആവശ്യങ്ങൾ പറഞ്ഞ് ഏഴുലക്ഷം രൂപയും 26,000 രൂപയുടെ ഫോണും കൈക്കലാക്കി. സുഹൃത്ത് അരുണെന്ന് പറഞ്ഞ് വിഷ്ണു തന്നെ യുവതിയുടെ വീട്ടിലെത്തി ഫോൺ വാങ്ങിയെടുത്തത്.
തൃശ്ശൂർ ചേലക്കരയിൽ ഇയാൾക്കെതിരേ സമാനമായ രീതിയിൽ തട്ടിപ്പുകേസുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. വിവാഹമോചിതരായ സ്ത്രീകൾ അംഗങ്ങളായ മാട്രിമോണിയൽ ആപ്ലിക്കേഷനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്. മുംബൈ പോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയായതിനാൽ കലക്ടറേറ്റിലെ ജോലി രാജിവയ്ക്കുകയാണെന്നും ചേർത്തല സ്വദേശിയെ അറിയിച്ചു. ഇത്തരത്തിൽ അടുത്തശേഷം പല ആവശ്യങ്ങൾ പറഞ്ഞു പണവും ഫോണും കൈക്കലാക്കിയെന്നാണു പരാതി.
അർത്തുങ്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജി. മധുവിന്റെ നേതൃത്വത്തിൽ എസ്‌ഐ. ഡി. സജീവ് കുമാർ, ഉദ്യോഗസ്ഥരായ ആർ. ഷാം, എ.എൻ. സുധി, ഡിവൈ.എസ്‌പി.യുടെ ക്രൈം സ്‌ക്വാഡിലെ സി.പി.ഒ. മാരായ കെ.പി. ഗിരീഷ്, സി.എസ്. ശ്യാംകുമാർ, പി.ആർ. പ്രവീഷ്, എം. അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ