കോഴിക്കോട്: ദേഹമാസകലം പരുക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വളയം ചുഴലി സ്വദേശിയായ പാറയുള്ള പറമ്പത്ത് വിഷ്ണു മരിക്കാനിടയായത് വ്യക്തിവിരോധത്തെ തുടർന്നുള്ള അതിക്രൂരമായ മർദ്ദനത്താലെന്ന് കുറ്റ്യാടി പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് ദേഹമാസകലം പരുക്കുകളോടെ വിഷ്ണുവിനെ കൈവേലിയിലെ ചീക്കോന്ന് സ്‌കൂളിന് സമീപത്തെ റോഡരുകിൽ അവശനായ നിലയിൽ കണ്ടെത്തുന്നത്.

സമീപത്തുതന്നെ വിഷ്ണുവിന്റെ സ്‌കൂട്ടർ മറിഞ്ഞു കിടക്കുന്ന നിലയിലുമായിരുന്നു. പ്രത്യക്ഷത്തിൽ സ്‌കൂട്ടർ മറിഞ്ഞു അപകടത്തിൽ പെട്ടതായിരിക്കുമെന്നാണ് തോന്നുക. സംഭവത്തിൽ ചമ്പിലോറയിലെ നീളംപറമ്പത്ത് അഖിലിനെ വെള്ളിയാഴ്ച കുറ്റ്യാടി സി ഐ ഇ പി ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയുമായി വിഷ്ണുവിന് വഴിവിട്ട ബന്ധമുണ്ടെന്ന അഖിലിന്റെ സംശയമാണ് മർദ്ദനത്തിലേക്കും തുടർന്നുള്ള വിഷ്ണുവിന്റെ മരണത്തിലേക്കും നയിച്ചതെന്ന് സി ഐ വ്യക്തമാക്കി. കേസിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് കുറ്റ്യാടി പൊലിസ് എത്തിയായിരുന്നു വിഷ്ണുവിനെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടാവാതെ കഴിയുന്നതിനിടെയാണ് എട്ടുമാസം ഗർഭിണിയായ ഭാര്യയെയും കുടുംബത്തെയും അനാഥമാക്കി ഈ യുവാവ് മരണത്തിന് കീഴടങ്ങുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പരിശോധനയിലാണ് യുവാവിനെ മൃഗീയമായി മർദ്ദിച്ച് അവശനാക്കി റോഡരികിൽ തള്ളിയതാവാമെന്ന് ബോധ്യപ്പെട്ടത്. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ ഇതേക്കുറിച്ച് കൃത്യമായി പറയാനൂവൂവെന്നാണ് പൊലീസ് പറയുന്നത്.