എരുമേലി: പാലായ്ക്ക് സമീപം പൈകയിൽ അമിത വേഗത്തിൽ വന്ന ട്രിപ്പർ ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. എരുമേലി ഇടകടത്തി വരയത്ത് പരേതനായ ദാസിന്റെ ഇളയ മകൻ വിഷ്ണു വി ദാസ് ആണ് ഇന്നു കാലത്തുണ്ടായ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. വിഷ്ണുവിന് 23 വയസ്സു പ്രായമായിരുന്നു.

ഇടകടത്തി ക്ഷേത്രത്തിലെ ശാന്തിയുടെ പാലയിലെ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. വിളക്കുമാടം പാലം കടന്ന് അമിതവേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഉപേക്ഷിച്ചു ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറി കസ്റ്റഡിയിൽ എടുത്ത പൊലീസ് ഡ്രൈവറെ പിടികൂടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവറുടെ  ഭാഗത്തു നിന്നുണ്ടാ ഗുരുതരമായ പിഴവാണ് ഒരു ജീവൻ എടുത്തത് പാലാ സിഐ ടോമി സെബാസ്റ്റ്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണ വിഷ്ണു വി ദാസ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് അപ്പോൾ തന്നെ മരിക്കുകയായിരുന്നു. പാലാ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

കോട്ടയം പത്തനംതിട്ട ജില്ലക്കളുടെ സംഗമ സ്ഥലമായ ഇടകടത്തി ആറാട്ടുകടവ് സ്വദേശിയാണ് മരിച്ച ഉണ്ണിക്ക എന്നു വിളിക്കുന്ന വിഷ്ണു. പരേതനായ ദാസ് ആണ് പിതാവ്. സഹോദരന്മാർ ജിതിൻ, ജിലേഷ് എന്നിവർ. ഇടകടത്തി, തുടങ്ങിയ പ്രദേശങ്ങളിലെ ചെറുപ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ടവനായ കൂട്ടുകാരനാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴ്‌പ്പെട്ടത്. എരുമേലി യൂണിയനിൽ പെട്ട ആറാട്ടുകടവ് എസ്എൻഡിപി യൂത്ത് മൂവ്‌മെന്റിന്റെ സജീവ പ്രവർത്തകനായിരുന്നു വിഷ്ണു.

എരുമേലി എംഇഎസ് കോളേജിൽ നിന്നും ബിബിഎ പാസ്സായ ശേഷം പിഎസ്‌സി കോച്ചിങ്ങുമായി ബന്ധപ്പെട്ടു നാട്ടിൽ തന്നെ കഴിയുക ആയിരുന്നു. എസ്എൻഡിപി യൂത്ത്മൂവ്‌മെന്റും കൂടാതെ ഇടകടത്തി അയ്യപ്പ ക്ഷേത്രം, ടാഗോർ വായനശാല തുടങ്ങിയ നാട്ടിലെ മുഴുവൻ സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന ഉണ്ണിക്കയുടെ മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ചെറുപ്പക്കാർ.