തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളിൽ പ്രതിശ്രുതവരനും. വാമനപുരം ആനകുടി സ്വദേശികളായ വിഷ്ണുരാജ്(26), ശ്യാം(25) എന്നിവരാണ് മരിച്ചത്. വിഷ്ണു രാജ് അബുദാബിയിൽ പ്ലബ്ബറായിരുന്നു. ഒരാഴ്ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

വിഷ്ണുരാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. എംസിറോഡിൽ പുളിമാത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് തടി കയറ്റി വന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

കിളിമാനൂർ ഭാഗത്തു നിന്നും വാമനപുരത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു വിഷ്ണുരാജും ശ്യാമും. സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം മടങ്ങി വരികയായിരുന്നു അവർ. വിവാഹ പാർട്ടിക്ക് ശേഷമായിരുന്നു ഇതെന്ന് സൂചനയുണ്ട്. ശ്യാം ഓട്ടോ ഡ്രൈവറാണ്.

സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കമുള്ള തുടർനടപടികൾ നടന്നു വരുന്നതായി കിളിമാനൂർ പൊലീസ് അറിയിച്ചു.