- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമാരിയുടെ നിയന്ത്രണങ്ങൾ ഒഴിഞ്ഞ് വിഷു ആഘോഷമാക്കി മലയാളികൾ; ഗുരുവായൂരും ശബരിമലയിലും വിഷുക്കണി ദർശനത്തിനും കൈനീട്ടത്തിനും വൻഭക്തജനത്തിരക്ക്; വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും കൊഞ്ചലിന്റെ അകമ്പടിയിൽ, സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ആസുര ശക്തിയെ തോൽപ്പിച്ച ഐതീഹ്യ പെരുമയുമായി വിഷു വീണ്ടും എത്തുമ്പോൾ
കൊച്ചി: മണ്ണിന്റെ മണവുമായി വീണ്ടുമൊരു വിഷു കൂടി സമാഗതമായി.സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണു വിഷുക്കണി.മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു വിത്തും കൈക്കോട്ടും.... പാടി വിഷുപ്പക്ഷി ഏവരെയും വിളിച്ചുണർത്തുകയാണ്. മലയാളിയുടെ മണ്ണിനെ, മനസ്സിനെ.. കൃഷി അന്യമാകുമ്പോഴും മലയാളിക്ക് വിഷുവെന്നത് കൃഷിയുത്സവത്തിന്റെ വരവു തന്നെയാണത്.
മലയാളക്കരയുടെ കാർഷികോത്സവമാണ് തുല്യമായത് എന്ന അർഥം വരുന്ന വിഷു. രാത്രിയും പകലും തുല്യമായ ദിവസം. സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി വിഷു ആഘോഷത്തിലാണ് മലയാളി ഇന്ന്. വിഷു കണി കണ്ടും കൈനീട്ടം കൊടുത്തും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പുലരിയിലേക്കാണ് മലയാളി കൺകണ്ടുണരുന്നത്.വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറന്നത്. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാ വിഷുവും ഉണ്ട്.
കേരളത്തോടൊപ്പം അയൽ സംസ്ഥാനങ്ങളിലും അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരുകൊല്ലം നിലനിൽക്കുമെന്ന വിശ്വാസവുമുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് വിഷു എന്നാണ് പ്രധാന ഐതിഹ്യം.
അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ മലയാളി ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.
അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭസ്വാൻ, അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം അവർ നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്നാണ് പ്രധാന ഐതീഹ്യം.
രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യൻ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തിൽ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് മറ്റൊരു ഐതീഹ്യം.
സാധാരണനിലയിൽ മേടം ഒന്നിനു വിഷു എന്നതാണു പൊതുവേയുള്ള സങ്കൽപം. എന്നാൽ ഇക്കൊല്ലം മേടം രണ്ടിനാണു വിഷു വരുന്നത്. എന്തുകൊണ്ടെന്നാൽ മേടം ഒന്നിനു സൂര്യോദയത്തിനു ശേഷമാണു സൂര്യസംക്രമം വരുന്നതെങ്കിൽ പിറ്റേന്നു വിഷു എന്നതാണു രീതി. ഇത്തവണ മേടം ഒന്നിനു രാവിലെ 8.41നാണു സൂര്യസംക്രമം. അതുകൊണ്ടാണ് മേടം രണ്ടിന് (ഏപ്രിൽ 15 വെള്ളി) വിഷു ആയത്.ഇത്തവണ ദുഃഖവെള്ളിയാഴ്ച ദിവസമാണു വിഷു.അതായത് ഈസ്റ്ററിനു രണ്ടു ദിവസം മുൻപ്.
വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി എന്നിവ വിഷുവിനോട് ബന്ധപ്പെട്ടവയാണ്. തേച്ചുമിനുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും പൊന്നും വാൽകണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടക്കയും വെറ്റിലയും കൺമഷിയും ചാന്തും സിന്ദൂരവും നാരങ്ങയും കത്തിച്ച നിലവിളക്കും തേങ്ങാമുറിയും ശ്രീകൃഷ്ണവിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി പിറകിൽനിന്ന് കണ്ണുകൾ പൊത്തി കൊണ്ടുവന്നാണ് കണികാണിക്കുന്നത്. പിന്നീട് കൈനീട്ടം നൽകൽ.
കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ മഹാമാരിയുടെ കറുത്ത ഓർമ്മകളെ മറന്ന് വിഷു അതിന്റെ പൂർവ്വരൂപത്തിൽ തന്നെ ആഘോഷിക്കുകയാണ് മലയാളികൾ.ഗുരുവായൂരും ശബരിമലയും പത്മനാഭസ്വാമി ക്ഷേത്രവും അടക്കം എല്ലാ അമ്പലങ്ങളിലും വിഷുകണി ദർശനത്തിന് ആളുകളെത്തി.എല്ലാ മാന്യവായനക്കാർക്കും മറുനാടൻ ടീമിന്റെ നന്മ നിറഞ്ഞ വിഷു ആശംസകൾ.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് ഇന്ന് (15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
ന്യൂസ് ഡെസ്ക്