തിരുവനന്തപുരം: 10കോടി ഒന്നാം സമ്മാനമായ വിഷു ബമ്പർ ടിക്കറ്റ് വിറ്റ വലിയതുറ സ്വദേശി രംഗനും ഭാര്യ ജസീന്തയും പിന്നിട്ട വഴികളിലെല്ലാം വേദനമാത്രമാണ്. കോവിഡ് കാലമാണ് ഏറെ പ്രതിസന്ധി നേരിട്ടത്. അതേ കുറിച്ച് ആലോചിക്കുമ്പോൾ ജസീന്തയുടെ കണ്ണ് നിറയും. ലോട്ടറി വിൽപന നിലച്ചതോടെ മീൻകച്ചവടമായി. രംഗനും ജസീന്തയും വിഴിഞ്ഞത്ത് നിന്ന് മീൻ എടുക്കും. ജസീന്തയാണ് വിൽക്കുന്നത്. എന്നാൽ ലാഭം നോക്കി വിൽക്കാൻ അറിയാതെ പോയി. കച്ചവടം നഷ്ടത്തിലായി. പിന്നാലെ വലിയതുറയിൽ കട വാടകയ്ക്ക് എടുത്ത് പച്ചക്കറി വിറ്റു.

അതും പൂട്ടി. നിത്യവൃത്തിക്ക് പോലും വഴിയില്ലാതെ വഴിമുട്ടി നാളുകളായിരുന്നു അതെന്ന് ജസീന്തയും രംഗനും പറയുന്നു. ഇനി ഏതായാലും രാത്രി ഉറക്കം ഒഴിഞ്ഞുള്ള ടിക്കറ്റ് വിൽപന നിറുത്താനാണ് ദമ്പതികളുടെ തീരുമാനം. നഗരത്തിൽ ഒരു കടയെടുത്ത് ജീവിതാവസാനം വരെ ലോട്ടറി വിൽക്കണമെന്നാണ് ആഗ്രഹം. മകന് ഒരു ഓട്ടോ വാങ്ങി നൽകും. മകൾക്കും കുടുംബത്തിനും ജീവിക്കാനുള്ള സഹായം ചെയ്യണം.

കൊച്ചുമക്കൾക്കായി എന്തെങ്കിലും ചെയ്യണം. എന്നാൽ ഇപ്പോൾ താമസിക്കുന്ന രണ്ട് സെന്റിലെ വീട് വിട്ട് മറ്റൊരിടത്തേക്ക് മാറേണ്ടെന്നാണ് ഇവരുടെ തീരുമാനം. ഭാഗ്യദേവത വന്നുകയറി വീട്ടിൽ താമസിക്കണമെന്നാണ് ആഗ്രഹം. വീടിനോട് ചേർന്ന് രണ്ടു വീടുകളിലാണ് മകന്റെയും മകളുടെയും കുടുംബം. രംഗൻ എട്ട് വർഷം മുൻപാണ് ഭാര്യയുമൊത്ത് ലോട്ടറി കച്ചവടം തുടങ്ങിയത്. ഫ്‌ളൈറ്റുകൾ കൂടുതലായി എത്തുന്ന പുലർച്ചയുള്ള സമയമാണ് ഇവരുടെ ലോട്ടറി വിൽപന. രാത്രി 12.30ന് ഉറക്കം ഉണരും. കട്ടൻകാപ്പിയും കുടിച്ച് മാതാവിന്റെ പടത്തിന് മുന്നിൽ വച്ചിരിക്കുന്ന ടിക്കറ്റും എടുത്ത് പ്രാർത്ഥിച്ച് ഇറങ്ങും.

ടി.വി എസ് സ്‌ക്കൂട്ടറിലാണ് എയർപോർട്ടിലേക്കുള്ള യാത്ര. മഴയായാലും മഞ്ഞായാലും അത് തുടരും. രാവിലെ 6.30വരെ കച്ചവടം. തുടർന്ന് നേരെ കിഴക്കേകോട്ടയിലെത്തി അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് വാങ്ങും. പഴവങ്ങാടിയിലെ ഗിരീഷ് കുറുപ്പിന്റെ ചൈതന്യ ലക്കിസെന്ററാണ് പ്രധാന കട. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റും ഇവിടെ നിന്ന് വാങ്ങിയതാണ്. ലോട്ടറിയും വാങ്ങി വീട്ടിലെത്തി ആവശ്യമായ ഭക്ഷണവും ഉണ്ടാക്കി കഴിച്ച് ഉറങ്ങും.

ഭാഗ്യശാലിയെ ഉടൻ കാണണമെന്നാണ് ഇവരുടെ ആഗ്രഹം. 10കോാടിയാണ് ഒന്നാം സമ്മാനം ഇതിൽ ടാക്‌സ് കുറച്ച് 6.30 കോടി ലോട്ടറി ഉടമയ്ക്ക് ലഭിക്കും. 1 കോടി രൂപയാണ് കമ്മീഷൻ ഇതിൽ ടാക്‌സ് കുറച്ച് 90ലക്ഷം കിട്ടും. ഇതിൽ ചൈതന്യ ലക്കി സെന്ററിന്റെ കമ്മീഷൻ 5 മുതൽ 10ലക്ഷം വരെയായിരിക്കും. അങ്ങനെയെങ്കിൽ 80ലക്ഷത്തോളം രൂപ രംഗനും ജസീന്തയ്ക്കും ലഭിക്കും. ആദ്യമായാണ് ഇവർക്ക് ബമ്പർ അടിക്കുന്നത്.

എയർപോർട്ടിൽ വിറ്റ ടിക്കറ്റ് കടൽ കടന്നോയെന്നും സംശയമുണ്ട്. മറ്റുരാജ്യങ്ങളിലേക്ക് പോകുന്ന മലയാളികൾ, തിരിച്ചെത്തുന്ന വിദേശികൾ-സ്വദേശികൾ, സ്വീകരിക്കാനും യാത്രഅയക്കാനുമെത്തുന്നവർ ഉൾപ്പെടെ നിരവധി പേർ ടിക്കറ്റ് വാങ്ങാറുണ്ട്. ഇവരിൽ ആർക്കെങ്കിലുമായിരിക്കാം അടിച്ചത്.