തിരുവനന്തപുരം: കേരള സർക്കാരിന്റെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ കിട്ടിയ ആ ഭാഗ്യവാനെ ഒടുവിൽ കണ്ടുപിടിച്ചു. തിരുവനന്തപുരം ചൈതന്യ ലക്കി സെന്ററിൽ നിന്ന് വിറ്റ എച്ച്.ബി 727990 എന്ന നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക.

മെയ്‌ 22 നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്ന് ഈ ടിക്കറ്റ് അടങ്ങിയ ബുക്ക് ലെറ്റ് വാങ്ങിയത് ദമ്പതികളായ ജസീന്ത, രംഗൻ എന്നിവരായിരുന്നു.

ടിക്കറ്റുമായി ഇരുവരും ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയെന്നും നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതിനാൽ ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്നും ലോട്ടറി ഡയറക്ട്രേറ്റ് അധികൃതർ പറഞ്ഞു. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ താമസിച്ചതെന്നാണ് ഇരുവരും അധികൃതരോട് പറഞ്ഞത്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും.

കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമർപ്പിക്കണം. നേരിട്ടോ പോസ്റ്റൽ മാർഗമോ ആണെങ്കിൽ മുകളിലെ തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ ഹാജരാക്കണം.

ഒരു മാസത്തിനുള്ളിൽ ടിക്കറ്റുമായി എത്തിയില്ലെങ്കിൽ കമ്മീഷൻ കഴിച്ചുള്ള ആറ് കോടി 16 ലക്ഷം സർക്കാർ ഖജനാവിലേക്ക് പോകുമെന്നാണ് വ്യവസ്ഥ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം. ഈ സമയത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസിൽ അപേക്ഷ നൽകണമെന്നും വ്യവസ്ഥയുണ്ട്.