ന്യൂജേഴ്‌സി: വിഷുദിനത്തിന്റെ നന്മയും പാരമ്പര്യവും തലമുറകൾക്ക് പകർന്നു നൽകുവാൻ നാമം ഒരുക്കുന്ന വിഷു ആഘോഷപരിപാടികൾ 19-ാം തീയതി ഞായറാഴ്ച രാവിലെ 9.45 ന് ആരംഭിക്കും. എഡിസൺ ഹെബെർട്ട് ഹൂവർ മിഡിൽ സ്‌ക്കൂളിൽ (HEBERT HOOVER MIDDLE SCHOOL, 174, JACKSON AVE, EDISON NJ þ 08837) വച്ച് നടത്തുന്ന ആഘോഷങ്ങളിൽ ന്യൂജേഴ്‌സിയിലെ വിവിധ സംഗീത നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കും.

രാവിലെ 9.45 ന് വിഷുക്കണി കാണൽ ചടങ്ങോടുകൂടി പരിപാടികൾക്ക് തിരികൊളുത്തി, നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ സ്വാഗതം ചെയ്യുന്നതോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് വിവിധ സംഗീത വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വാദ്യ സംഗീത പരിപാടികൾ നടത്തപ്പെടും. സംഗീത അദ്ധ്യാപകരായ ശങ്കര മോനോൻ, മഞ്ജുള രാമചന്ദ്രൻ, ജാനകി ഐയ്യർ, ചിത്ര രാജൻ കുമാർ, രാധാ നാരായണൻ, ശാരദ ഘണ്ടാവില്ലി എന്നിവരുടെ വിദ്യാർത്ഥികളാണ് സംഗീത ഇനങ്ങളിൽ പങ്കെടുക്കുന്നത്. മദ്ധ്യാഹ്നത്തോടെ ആരംഭിക്കുന്ന നൃത്തപരിപാടികളിൽ ന്യൂജേഴ്‌സി നാട്യ സംഗമം, ശിവ ജ്യോതി ഡാൻസ് അക്കാഡമി, നൃത്ത്യ മാധവി സ്‌ക്കൂൾ ഓഫ് ഡാൻസ്, ഷിവാലിക് സ്‌ക്കൂൾ ഓഫ് ഡാൻസ്, അപൂർവ നൂപുര സൗപർണിക ഡാൻസ് അക്കാഡമി, അംബിക രാമൻ പെർഫോമിങ്ങ് ആർട്ട്‌സ് തുടങ്ങി നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കും.

വൈകിട്ട് 3 മണിയോടെയുള്ള പൊതു ചടങ്ങിൽ വിവിധ സാംസ്കാരിക നായകന്മാർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു. എല്ലാ വർഷത്തേയും പോലെ നൃത്ത സംഗീത അദ്ധ്യാപകരെ ആദരിക്കുന്നതിന് ഈ വർഷവും നാമം ഒരുങ്ങിക്കഴിഞ്ഞു എന്ന് വൈസ് പ്രസിഡന്റ് വിനീത നായർ പറഞ്ഞു.

ഓരോ മലയാളിയുടെയും മനസ്സിൽ അവിസ്മരണീയമായ വിഷു സ്മരണകൾ നൽകാൻ പാകത്തിനാണ് ആഘോഷങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ സ്ഥാപകനേതാവായ മാധവൻ ബി നായർ പരിപാടികൾക്ക് എല്ലാ ആശംസകളും നേർന്നു.