കണ്ണൂർ: പ്രതീക്ഷയുടെ പുതുവർഷത്തിലേക്ക് മലയാളി കണികണ്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.കോവിഡിന്റെ വലിയ ആധിയൊഴിഞ്ഞ് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്.ആഘോത്തിന് മാറ്റ് കൂട്ടാൻ പതിവ് തെറ്റിക്കാതെ ഈ തവണയും കണ്ണൂർ ജില്ലയിൽ കൃഷ്ണ വിഗ്രഹം നിർമ്മാണവും വില്പനയും തകൃതിയായി.ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണ് വിൽപ്പനക്കായി കേരളത്തിലെത്തുന്നത്.ദേശീയപാതയോരത്ത് ടെന്റ് കെട്ടി കുടുംബമായി താമസിച്ചാണ് ഇവരുടെ വില്പന.

വരുന്ന ആളുകളുടെ വിലപേശി വില കുറിപ്പിച്ച് കച്ചവടം ഉറപ്പിക്കുകയും ചെയ്യും.സ്ഥിരമായി ഇവർ വിഷുക്കാലത്ത് വിൽപ്പനക്കായി പ്രദേശത്ത് എത്താറുണ്ട്.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷവും വിൽപന കാര്യമായി നടന്നിരുന്നില്ല.എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത് വിൽപ്പനക്കാർക്ക് ആശ്വാസമാകുന്നുണ്ട്. ഈ വർഷം കഴിഞ്ഞവർഷത്തിൽ നിന്ന് വിഭിന്നമായി ആളുകൾ വിഗ്രഹം തേടി ഇവരിലേക്ക് എത്തുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.

വിഷു ആയിക്കഴിഞ്ഞാൽ പുതിയ കൃഷ്ണവിഗ്രഹം കണികാണുക എന്നത് മലയാളികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്.എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിഗ്രഹങ്ങൾക്ക് ഇത്തവണ വില ഇപ്പോൾ അധികമാണെന്നും പറയുന്നുണ്ട്.300 രൂപ മുതൽ 1500 രൂപ വരെയുള്ള വിഗ്രഹങ്ങൾ ഇവർ നിർമ്മിച്ച് വിൽക്കുന്നുണ്ട്.

പല രൂപത്തിലും ഭാവത്തിലും വലിപ്പത്തിലുള്ള കൃഷ്ണവിഗ്രഹം ഇവിടെ നമുക്ക് കാണാൻ കഴിയും.കൃഷ്ണന്റെയും രാധയുടെയും, ഓടക്കുഴൽ വായിക്കുന്ന കണ്ണന്റെയും, ഗുരുവായൂരപ്പന്റെയും, വെണ്ണ കട്ടു തിന്നുന്ന കണ്ണന്റെയും കാളിയമർദ്ദനം നടത്തുന്ന കൃഷ്ണനെയും എന്നുവേണ്ട പല ഇനത്തിലും നിറത്തിലുമുള്ള പ്രതിമകളാണ് ആളുകളെ ആകർഷിക്കാനായി ഇവർ നിർമ്മിച്ചിട്ടുള്ളത്.

വൈറ്റ് സിമന്റിലാണ് വിഗ്രഹ നിർമ്മാണം. വൈറ്റ് സിമന്റിന് പണ്ടത്തെ അപേക്ഷിച്ചു ഇപ്പോൾ വിലക്കയറ്റമാണ് കിലോ വൈറ്റ് സിമന്റ് മാർക്കറ്റിൽ 400 രൂപയാണ് നിലവിലുള്ള നിരക്ക്. ഇതാണ് വിഗ്രഹത്തിന്റെ നിർമ്മാണത്തിനെ പൂർണ്ണമായും ബാധിച്ചിരിക്കുന്നത്. ഈ വൈറ്റ് സിമന്റ് ഒരു മിശ്രിതമാക്കി മോദിലേക്ക് ഇറക്കി മോൾഡ് രൂപപ്പെട്ട കഴിഞ്ഞാൽ അതിനു നിറം പകർന്ന് പല രൂപത്തിലും ഭാവത്തിലും ആക്കി എടുക്കുകയാണ് ഇവർ സാധാരണ ചെയ്യാറ്.

രാജസ്ഥാനിലെ മാർവാടി വിഭാഗത്തിൽ പെടുന്ന ആളുകളാണ് ഇവർ. ഭാര്യയും മക്കളും കുടുംബവും ഒക്കെയായി ഈ ഒരു പരിസരത്ത് തന്നെയാണ് ഇവർ താമസിക്കുന്നതും. ഹിന്ദി പോലും കൃത്യമായി ഇവർ സംസാരിക്കാറില്ല.മലയാളത്തിൽ ആവട്ടെ അറിയുന്നത് ഓരോ സാധനങ്ങളുടെ വിലയുടെ മലയാള പരിഭാഷ മാത്രമാണ്.