- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കച്ചവടക്കാർ ചതിച്ചു; വിശ്വനാഥന്റെ റജിസ്ട്രേഷൻ ഉപയോഗിച്ചു വ്യാപാരികൾ കച്ചവടം നടത്തിയവർ രണ്ട് മാസം നികുതി അടച്ചു; പിന്നീട് അടയ്ക്കാതെയായി; കയ്യിൽ മൂന്നരസെന്റ് ഭൂമിയുള്ള പച്ചക്കറി തൊഴിലാളിക്ക് മൂന്നരക്കോടിയുടെ സാമ്പത്തിക ബാധ്യത!
പാലക്കാട്: ഉപദ്രവം ഇല്ലെന്നു കരുതി സഹായിക്കാൻ ഇറങ്ങിയാൽ ചിലപ്പോൾ എട്ടിന്റെ പണി കിട്ടും. അങ്ങനെ പണി കിട്ടിയവരുടെ കൂട്ടത്തിലാണ് പാലക്കാട്ടെ പച്ചക്കറി കടയിലെ തൊഴിലാളിയായ എസ് വിശ്വനാഥൻ. മൂന്നര കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇദ്ദേഹത്തിന് ഇന്നുണ്ടായിരിക്കുന്നത്. എന്നാൽ, ഇദ്ദേഹ ആഡംബരം കാണിച്ചതു കൊണ്ട് സംഭവിച്ചതല്ല, മറിച്ച്് മറ്റു ചിലരെ സഹായിക്കാൻ വേണ്ടി ശ്രമിച്ചാണ് അദ്ദേഹം പണി വാങ്ങിയത്. ഇപ്പോൾ മൂന്നര സെന്റിലെ കിടപ്പാടം പോലും അദ്ദേഹത്തിന് നഷ്ടമാകുന്ന അവസ്ഥയിലാണ്.
തകർന്നുവീഴാറായ വീട്ടിൽ നിന്ന് അതിലേറെ തകർന്ന മനസ്സുമായി വിശ്വനാഥനും (70) രോഗിയായ ഭാര്യ സുമാലിനിയും പെരുവഴിയിലേക്കിറങ്ങണം. കോഴിക്കച്ചവടക്കാർക്കു വേണ്ടി തന്റെ പേരിൽ എടുത്ത മൂല്യവർധിത നികുതി (വാറ്റ്) റജിസ്ട്രേഷനാണ് കൊടുവായൂർ വെട്ടുംപുളി തരവൻതോട്ടത്ത് വിശ്വനാഥനെ കുടുക്കിയത്. 2014 ൽ കോഴിക്കച്ചവടത്തിനു വാറ്റ് ചുമത്തിയപ്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഇറച്ചിക്കോഴി കൊണ്ടുവരാൻ കച്ചവടക്കാർ മറ്റു പലരുടെയും പേരിൽ റജിസ്ട്രേഷൻ എടുത്ത് കണക്കു കാണിക്കുമായിരുന്നു.
അക്കാലത്ത് സെയിൽസ് ടാക്സ് കൺസൽറ്റന്റ് ഓഫിസിൽ ജോലി ചെയ്തിരുന്ന മകൻ വഴിയാണ് കോഴിക്കച്ചവടക്കാർ വിശ്വനാഥന്റെ പേരിൽ റജിസ്ട്രേഷൻ എടുത്തത്. നിശ്ചിത തുക മാസംതോറും നൽകുമെന്നും പറഞ്ഞു. വിശ്വനാഥന്റെ റജിസ്ട്രേഷൻ ഉപയോഗിച്ചു വ്യാപാരികൾ കച്ചവടം നടത്തുകയും ആദ്യ 2 മാസം കൃത്യമായി നികുതി അടയ്ക്കുകയും റിട്ടേൺ നൽകുകയും ചെയ്തു. പിന്നീട് നികുതി അടയ്ക്കാതെയായി. ഇതോടെ വിശ്വനാഥന്റെ റജിസ്ട്രേഷൻ റദ്ദാക്കി കുടിശിക തിരിച്ചുപിടിക്കാൻ വാണിജ്യനികുതി വകുപ്പ് നടപടി തുടങ്ങി.
കണക്കില്ലാതെ കോഴികളെ കടത്തിയതിന്റെ പേരിൽ പിഴ ഉൾപ്പെടെ കുടിശികയെല്ലാം ചേർത്തപ്പോൾ വിശ്വനാഥന്റെ പേരിൽ 3.42 കോടി രൂപയുടെ ബാധ്യതയായി. നോട്ടിസുമായി അന്നത്തെ കോഴിക്കച്ചവടക്കാരെ സമീപിച്ചെങ്കിലും പലരും ഈ രംഗം വിട്ടുകഴിഞ്ഞിരുന്നു. വാറ്റ് മാറി ജിഎസ്ടി വന്നതോടെ കോഴിക്കു നികുതിയുമില്ലാതായി. ചെക് പോസ്റ്റുകൾ അപ്രസക്തമായതോടെ കുടിശിക ഈടാക്കുന്നതിനായി വിശ്വനാഥന്റെ വീട് സർക്കാർ കണ്ടുകെട്ടി, ഓഗസ്റ്റ് 10നു ലേലത്തിൽ വിൽക്കാനാണ് നീ്ക്കം.
നേരത്തെ കോഴിയുടെ വാറ്റ് തുകയായി 14.5 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഒറ്റയടിക്ക് ഇല്ലാതായത്. തമിഴ്നാട്ടിൽ നിന്നു കോഴിയുടെ കള്ളക്കടത്ത് വ്യാപകമാവുന്നത് 14.5% നികുതി ഏർപ്പെടുത്തിയതോടെയാണ്. ഈ നികുതി വെട്ടിക്കാനാണ് ഊടുവഴികളിൽക്കൂടി കോഴികളെ കടത്തിയിരുന്നത്. ഇന്ത്യയിൽ തന്നെ കോഴിയിറച്ചിക്ക് കേരളത്തിൽ മാത്രമുള്ള ഏർപ്പാടായിരുന്നു ഈ നികുതി. ഇന്ന് കേരളത്തിൽ വർഷം ഏകദേശം 4000 കോടിയുടെ കോഴിയിറച്ചി വിൽപ്പന നടക്കുന്നുണ്ടെന്നു കേട്ടാൽ വിശ്വസിക്കാൻ മടിക്കേണ്ട. കോഴി ഫാമുകൾ മൂന്നു ലക്ഷത്തോളം, ആഴ്ചയിൽ 60 ലക്ഷം കിലോ ചിക്കൻ നമ്മൾ ശാപ്പിടുന്നു.
മറുനാടന് മലയാളി ബ്യൂറോ