തിരുവനന്തപുരം: വേണു രാജാമണി എന്ന ലോകമറിയുന്ന നയതന്ത്ര വിദഗ്ധനെ തള്ളിയാണ് മുഖ്യ വിവരാവകാശ കമ്മിഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മാറുന്നത്. ഇതിന് കാരണം പിണറായി സർക്കാരിന്റെ സ്‌നേഹ വായ്‌പ്പു മാത്രമാണ്. കേരളം വാരിക്കോരി നൽകുമ്പോഴും വിശ്വാസ് മേത്ത പരാതിയും പരിഭവവും പറയുകയാണ്.

കോവിഡ് പ്രതിസന്ധി കാലത്തു സാലറി കട്ട് വഴി സർക്കാർ പിടിച്ച തന്റെ ഒരു മാസത്തെ ശമ്പളം ഉടൻ മടക്കി നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ രഹസ്യകത്ത് ഇതിന് തെളിവാണ്. എന്നാൽ മുഖ്യ വിവരാവകാശ കമ്മീഷണറാകുന്ന വ്യക്തിയെ പിണക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറല്ല. അതുകൊണ്ട് സർക്കാർ ഈ ഭീഷണിക്ക് മുമ്പിൽ കീഴടങ്ങുകയാണ്.

ഈ മാസം 28 നു വിരമിക്കുന്നതു ചൂണ്ടിക്കാട്ടിയാണു വിശ്വാസ് മേത്ത ധനസെക്രട്ടറിക്കു കത്ത് നൽകിയത്. സാലറി കട്ട് വഴി പിടിച്ച ശമ്പളം ജൂൺ ഒന്നിനു മുൻപു വിരമിക്കുന്നവർക്കെല്ലാം ജൂൺ മുതൽ 5 മാസ ഗഡുക്കളായി മടക്കി നൽകാനാണു സർക്കാർ തീരുമാനം. വിരമിക്കുന്നവർക്കു മാത്രമല്ല, സാലറി കട്ടിനു വിധേയരായ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാർക്കും ജൂൺ മുതൽ ആ തുക പിൻവലിക്കാം. ചീഫ് സെക്രട്ടറി പദവിയിൽ വിരമിക്കുന്ന ആൾക്കും ഇങ്ങനെ തുക കിട്ടും. ഐഎഎസുകാരിയായ ഉഷാ ടൈറ്റസും കഴിഞ്ഞ മാസം വിരമിച്ചിരുന്നു. അവർക്ക് അസാപ്പിൽ നിയമനവും കിട്ടി. ഇവർ പോലും മുമ്പോട്ട് വയ്ക്കാത്ത ആവശ്യമാണ് ചീഫ് സെക്രട്ടറി മുമ്പോട്ട് വയ്ക്കുന്നത്.

എന്നാൽ തന്റെ ശമ്പളം ഉടൻ വേണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യത്തിനു സർക്കാർ വഴങ്ങിയെന്നാണു സൂചന. വിരമിക്കുന്നതിനു പിന്നാലെ രണ്ടര ലക്ഷത്തോളം രൂപ ശമ്പളത്തിൽ വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു. ബജറ്റിന് ഒരാഴ്ച മുൻപ് കഴിഞ്ഞ മാസം 6 നാണു ചീഫ് സെക്രട്ടറി കത്തെഴുതിയത്. താൻ ഫെബ്രുവരി 28 നു വിരമിക്കുകയാണ്. അതിനു മുൻപായി കഴിഞ്ഞ വർഷം പിടിച്ച ശമ്പളം മടക്കി നൽകണം. സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പല ആനുകൂല്യങ്ങളും കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ തനിക്കില്ല-ഇതാണ് കത്തിലെ ഉള്ളടക്കം.

ധനസെക്രട്ടറി കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ധനസ്ഥിതി പരിശോധിച്ചു തീരുമാനമെടുക്കണമെന്ന നിർദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഓഫിസ് കത്തു വീണ്ടും ധനസെക്രട്ടറിക്കു മടക്കി. ധനകാര്യ രഹസ്യ വിഭാഗം സെക്ഷനിൽ പരിശോധിച്ചശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുസഹിതം മുഖ്യമന്ത്രിക്കു വീണ്ടും നൽകി. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 ഗഡുക്കളായി പിടിക്കാൻ കഴിഞ്ഞ വർഷമാണു സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

അതിനാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനവും നിയമ വകുപ്പു സ്വീകരിക്കണമെന്ന നിർദ്ദേശത്തോടെ ഫയൽ അങ്ങോട്ട് അയച്ചു. അതിപ്പോൾ നിയമ സെക്രട്ടറിയുടെ പരിഗണനയിലാണ്. ശമ്പളം ഉടൻ നൽകാൻ വാക്കാൽ നിർദ്ദേശം നൽകിയെന്നാണു സൂചന. ഇക്കാര്യത്തിൽ പ്രതികരണത്തിനായി ചീഫ് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. വിരമിച്ച ശേഷം മികച്ച പദവി നൽകാമെന്ന നിലപാട് എടുത്തിട്ടും ഇത്തരമൊരു കത്തെഴുതിയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. എന്നാലും ഈ തുക കൊടുക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാസം 6 ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കുകയായിരുന്നു. ഈ തുക മടക്കി നൽകുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ജൂൺ മുതൽ നൽകുമെന്നു കഴിഞ്ഞ 15 ന്റെ ബജറ്റിലും പ്രഖ്യാപിച്ചു. ഏപ്രിലിൽ തുക പിഎഫിലേക്കു മാറ്റും. വിരമിക്കുന്നവർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ജൂൺ 1 മുതൽ ഇതു പിൻവലിക്കാമെന്നാണ് അറിയിപ്പ്. എന്നാൽ തനിക്ക് പെൻഷൻ കിട്ടുന്നത് കേന്ദ്രത്തിൽ നിന്നാണെന്നാണ് വിശ്വാസ് മേത്തയുടെ നിലപാട്. ഇത് അംഗീകരിച്ച് പണം നൽകുമ്പോൾ ഇനി വിരമിക്കുന്ന സിവിൽ സർവ്വീസുകാരെല്ലാം ഈ പണം ഒരുമിച്ച് തിരിച്ചു ചോദിക്കാൻ സാധ്യതയുണ്ട്.