റിയാദ്: മലയാളികളുൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ സാരമായി ബാധിച്ച നിതാഖാതിന് രണ്ടാം ഘട്ടം വരുന്നുവെന്ന് ലേബർ മിനിസ്റ്റർ മുഫ്‌റജ് അൽ ഹഖബാനി. വിഷൻ 2030 എന്ന പേരിൽ നടത്താനുദ്ദേശിക്കുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായിട്ടായിരിക്കും നിതാഖാത് രണ്ടാം ഘട്ടം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2030-ഓടെ ഏഴു ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചാണ് നിതാഖാത് നടപ്പാക്കുക.

സൗദിവത്ക്കരം ഉൾപ്പെടെയുള്ള പല മാർഗങ്ങൾ നടപ്പാക്കിയായിരിക്കും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക. തൊഴിൽ മേഖലകളിൽ സ്വദേശികളെ എത്രത്തോളം നിയമിക്കാൻ കഴിയുമോ അതിനായി ഏതു മാർഗവും വിഷൻ 2030-ലൂടെ സ്വീകരിക്കും. വിദേശ തൊഴിലാളികൾക്ക് ആനുപാതികമായി സ്വദേശികളെ നിയമിക്കുക, ചില മേഖലകളിൽ സ്വദേശികൾക്കു മാത്രമായി തൊഴിൽ നിജപ്പെടുത്തുക തുടങ്ങിയ മാർഗങ്ങൾ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന് സ്വീകരിക്കുമെന്നും ലേബർ മിനിസ്റ്റർ വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് സൗദിയിൽ തൊഴിലില്ലായ്മ 11.6 ശതമാനമാണ്. 2030-ഓടെ അത് ഏഴു ശതമാനമായി ചുരുക്കാനും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം 30 ശതമാനമാക്കാനും മറ്റുമാണ് പുതിയ പരിഷ്‌ക്കരണത്തിൽ പദ്ധതിയിട്ടിരിക്കുന്നത്. വിഷൻ 2030-ത്തിന്റെ ഭാഗമായി നിതാഖാത് നടപ്പാക്കുമ്പോൾ വെറും സ്വദേശിവത്ക്കരണം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും മറിച്ച് സ്ത്രീകൾക്ക് തൊഴിൽ മേഖലകളിൽ നൽകുന്ന പ്രാധാന്യം, സ്വദേശികൾക്ക് ലഭിക്കുന്ന വേതനം, സ്വദേശികൾക്കുള്ള ജോലി സ്ഥിരത എല്ലാം കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ തൊഴിൽ മേഖലയിലും നിതാഖാത് രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.