തിരുവനന്തപുരം: ലോക പൈതൃക മന്ദിരങ്ങളുടെ പട്ടികയിൽ നിർണ്ണായക സ്ഥാനമുള്ള പത്മനാഭപുരം കൊട്ടാരം കാണാൻ സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം -കന്യാകുമാരി പാതയിൽ തക്കലക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന കൊട്ടാരം കാണാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

ഓഖി ദുരന്തത്തിനും കോവിഡ് വ്യാപനത്തിനും ശേഷം കാണികൾ കൂടുതലായി എത്തിത്തുടങ്ങിയത് അടുത്ത നാളുകളിലാണെന്നും വിദേശിയർ ഉൾപ്പെടെ പ്രതിദിനം 2000 ത്തോളം പേർ കൊട്ടാരം കാണാൻ എത്തുന്നുണ്ടെന്നും പാലസ് സൂപ്രണ്ട് അജിത് കുമാർ പറഞ്ഞു.2019 വരെ വർഷം ശാരാശരി 5 ലക്ഷത്തോളം പേർ കൊട്ടാരം സന്ദർശിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇത് 3 ലക്ഷത്തിൽ താഴെയായി.ഇപ്പോൾ കോവിഡ് വ്യാപനം ഏറെക്കുറെ കുറഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇതാണ് സന്ദർശപ്രവാഹം വർദ്ധിക്കാൻ കാരണമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം മറുനാടനോട് വിശദമാക്കി.

തിരുവിതാംകൂർ ചരിത്രത്തിൽ പത്മനാഭപുരം കൊട്ടാരത്തിന് നിർണ്ണായക സ്ഥാനമാണുള്ളത്. 1798 വരെ ഈ കൊട്ടാരം ആസ്ഥാനമാക്കിയാണ് തിരുവിതാംകൂർ രാജവംശം നാടുഭരിച്ചിരുന്നത്. 1800-ന്റെ തുടക്കത്തിലാണ് തലസ്ഥാനം തിരുവന്തരുപത്തേയ്ക്ക് മാറ്റിയത്.പഴയ വേണാടിൽ നിന്നും പത്മനാഭപുരം കൊട്ടാരം തിരുവിതാംകൂറിലേയ്ക്ക് ചേർക്കുമ്പോൾ അധികാര പരിധി തിരുനൽവേലി മുതൽ ആലുവ വരെയായി. കൊട്ടാരത്തെക്കുറിച്ചും അനുബന്ധ ചരിത്ര വസ്തുതകളെക്കുറിച്ചും ബോദ്ധ്യപ്പെടുത്തിയാണ് ഓരോ സന്ദർശകരെയും യാത്രയാക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം സന്ദർശകരുടെ സംശയങ്ങൾക്ക് മറുപിടി നൽകാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ദ്രവിലാസം എന്ന ഭാഗമൊഴിച്ച് കൊട്ടാരത്തിന്റെ മുഴുവൻ ഭാഗങ്ങളും വാസതു ശിൽപ ശൈലിയിലാണ് നിർമ്മാണം.യഥാർത്ഥത്തിൽ ഇത് ഒരു കൊട്ടാരമല്ല,1601-ൽ പൂർത്തിയായ തായ്കൊട്ടാരം മുതൽ 1935-ൽ പൂർത്തിയായ പുത്തൻകൊട്ടാരം വരെയുള്ള 14 കൊട്ടാരങ്ങളുടെ സമുച്ചയമാണ് ഇത്.തടികൊണ്ട് നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈതൃക മന്ദിരമാണ് ഇത്.സംസ്ഥാന പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൊട്ടാരം യുനസ്‌കോയുടെ ലോക പൈതൃക മന്ദിരങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹലൻലാൽ ചിത്രങ്ങളായ ഹിസ് ഹൈനസ് അബ്ദുള്ളയും മണിച്ചിത്രത്താഴും അടക്കം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ചിത്രീകരണത്തിനും കൊട്ടാരം വേദിയായിട്ടുണ്ട്.