സുരക്ഷയുടെ പേരിൽ ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിസ നിയന്ത്രണങ്ങൾ അവിടംകൊണ്ട് അവസാനിക്കില്ലെന്ന് വ്യക്തമാക്കി കൂടുതൽ നിർദേശങ്ങൾ നൽകി. അമേരിക്ക സന്ദർശിക്കാനെത്തുന്നവർ ഭാവിയിൽ മൊബൈൽ ഫോണിലെ വിവരങ്ങളും സോഷ്യൽ മീഡിയയിലെ ഇടപെടലുകളും വെളിപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. സുരക്ഷയുടെ പേരിലാണ് വ്യക്തിവിവരങ്ങൾകൂടി ശേഖരിക്കുന്നതെന്നാണ് സൂചന. 

സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിലെ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമെ, ഫോണിലെ കോൺടാക്ടുകളെക്കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടിവരും. ഇതുനൽകാൻ വിസമ്മതിക്കുന്നവർക്ക് അമേരിക്കയിലേക്ക് പ്രവേശം അനുവദിക്കുകയുമില്ല. ഡിസംബർ അവസാനം മുതൽക്ക് പല വിമാനത്താവളങ്ങളിലും ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നു ണ്ടെങ്കിലും എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം.

ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഗൂഗിൾ പ്ലസ്, യുട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ സൈറ്റുകളിലെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളാണ് നൽകേണ്ടത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, കസ്റ്റംസ്, ബോർഡർ പെട്രോൾ, ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവയുമായി വൈറ്റ് ഹൗസ് പോളിസി ഡയറക്ടർ സ്റ്റീഫൻ മില്ലർ ഇക്കാര്യം സംസാരിച്ചതായും സൂചനയുണ്ട്.

വെള്ളിയാഴ്ചയാണ് ഏഴ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളുയരുകയും ശനിയാഴ്ച ഫെഡറൽ കോടതികളിലൊന്ന് ഉത്തരവിന് സ്‌റ്റേ ഏർപ്പെടുത്തുകയും ചെയ്‌തെങ്കിലും വിലക്കുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.