കൊല്ലം: വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നെന്ന് കഥയിറക്കാമെന്ന് കിരണിന്റെ സഹോദരി ഭർത്താവ് ഫോണിൽ സംസാരിക്കുന്നത് ഡിവോഴ്സായാലുള്ള നാണക്കേടിനെ പറ്റി പറഞ്ഞ കിരണിനെ സമാധാനിപ്പിക്കാൻ മാത്രമായിരുന്നു എന്ന വാദവുമായി പ്രതിഭാഗം. ഈ ശബ്ദരേഖ കോടതി തെളിവായി സ്വീകരിച്ചു എന്ന പ്രചരണം തെറ്റ്. ഈ ശബ്ദരേഖയുടെ ആരംഭം മാത്രമാണ് കോടതിയിൽ കേൾപ്പിച്ചത് ഇതിൽ സംസാരിക്കുന്നതാരൊക്കെയാണെന്ന് കോടതി കിരണിന്റെ അമ്മയോട് ആരാഞ്ഞു. ശബ്ദം കിരണിന്റെയും മകളുടെ ഭർത്താവ് മുകേഷിന്റെയും ശബ്ദമാണെന്ന് കിരണിന്റെ അമ്മ സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്.

തന്റെ അച്ഛൻ വിസ്മയുടെ അച്ഛൻ ത്രിവിക്രമൻ നായരോട് സംസാരിച്ചിരുന്നെന്നും എന്നാൽ ബന്ധം പിരിച്ചുവിടാനാണ് അയാൾക്ക് താൽപര്യമെന്നും മുകേഷ് കിരണിനോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. കല്യാണം വിളിക്കുന്നതിന് ഒമ്പതാം തീയതി ത്രിവിക്രമൻ നായർ കിരണിന്റെ വീട്ടിൽ വരുമെന്നും അന്ന് ഇക്കാര്യങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞെന്നും കൂട്ടിച്ചേർത്ത മുകേഷിനോട് അതുവരെ പോകില്ലെന്നും ഒമ്പതാം തീയതി വിസ്മയയ്ക്ക് പരീക്ഷ ഉണ്ടെന്നും അവർ താൽപര്യമില്ലെങ്കിൽ അന്ന് ഞാനവളെ വീട്ടൽ കൊണ്ടുവിടുമെന്നും കിരൺ പറയുന്നുണ്ട്.

ഡിവോഴ്സിനായാണ് വിസ്മയയുടെ വീട്ടുകാർ ശ്രമിക്കുന്നതെന്നും അവർക്ക് താൽപര്യമില്ലെങ്കിൽ എത്രയും വേഗം വിസ്മയയെ അവളുടെ വീട്ടിൽ കൊണ്ടുവിടാനും മുകേഷ് കിരണിനെ ഉപദേശിക്കുന്നുണ്ട്. തനിക്കതിൽ പ്രശ്നമില്ലെന്നും എന്നാൽ നാട്ടുകാരോട് എന്തു പറയുമെന്നാണ് ആശങ്കയെന്നും കിരൺ പറയുമ്പോൾ അവർ (വിസ്മയയുടെ വീട്ടുകാർ) പറയുംപോലെ തന്നെ നമുക്ക് പറയാമെന്നും അവൾക്ക് വേറെ കണക്ഷനുണ്ടെന്ന് കഥയിറക്കാമെന്നും മുകേഷ് പറയുന്നു. എന്നാൽ ആ ഭാഗം മാത്രം മുറിച്ചെടുത്ത് ഗാർഹികപീഡനത്തെ ന്യായീകരിക്കാൻ വിസ്മയയ്ക്ക് വേറെ ബന്ധമുണ്ടെന്ന് കഥയിറക്കാമെന്ന് പറഞ്ഞതായാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രതിഭാഗം പരാതിപ്പെടുന്നു.

വിസ്മയയ്ക്കെതിരെ ദുഷ്പ്രചരണം നടത്തണമെന്ന ഉദ്ദേശത്തോടെയുള്ള പരാമർശമല്ല അതെന്നും ഭാര്യാസഹോദരനെ ആശ്വസിപ്പിക്കാനായി മുകേഷ് ആ സാഹചര്യത്തിൽ പറഞ്ഞതാണ് അതെന്നും പ്രതിഭാഗം പറയുന്നു. ആ ഫോൺ സംഭാഷണത്തെ ദുരുപയോഗം ചെയ്യുന്നതായും അവർ പരാതിപ്പെടുന്നു. താൻ വിസ്മയയുടെ വീട്ടുകാരോട് സ്ത്രീധനമൊന്നും ചോദിച്ചിട്ടില്ലെന്നും വിസ്മയയുടെ അച്ഛനാണ് പണം വാഗ്ദാനം ചെയ്തതെന്നും കിരൺ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. മാത്രമല്ല കാണുമ്പോഴൊക്കെ പണം വല്ലതും ആവശ്യമുണ്ടോ എന്ന് ത്രിവിക്രമൻ നായർ ചോദിക്കാറുണ്ടെന്നും കിരൺ പറയുന്നു.

വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ഭർത്താവ് കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് എന്ന നിലയിലാണ് വിസ്മയയുടെ ഭർത്താവ് കിരണും കിരണിന്റെ അളിയൻ മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രചരിപ്പിക്കപ്പെട്ടത്. ഈ സംഭാഷണങ്ങൾ കേസിൽ നിർണായക തെളിവാണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ ശബ്ദരേഖയിലെ വ്യക്തികൾ ആരെന്ന് പരിശോധിക്കുകയല്ലാതെ മാർക്ക് ചെയ്ത് തെളിവായി സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകനെ ബന്ധപ്പെട്ട മറുനാടൻ ലേഖകനോട് അഭിഭാഷകൻ വ്യക്തമാക്കി.

സ്ത്രീധനത്തിനു വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ഫോൺ സംഭാഷണത്തെ അവതരിപ്പിച്ചത്. വിസ്മയയ്ക്ക് ഓടുന്ന വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് ചാടാനുള്ള പ്രവണതയുണ്ടെന്ന കാര്യവും സംഭാഷണത്തിൽ കിരൺ സ്ഥിരീകരിക്കുന്നുണ്ട്. ഇത് മുമ്പ് ത്രിവിക്രമൻ നായരും സമ്മതിച്ചിരുന്നു.