കൊല്ലം: വിസ്മയ കേസിൽ നാളെ വിധിവരാനിരിക്കെ വിസ്മയയുടെ ഒരു ശബ്ദരേഖ കൂടി പുറത്തുവന്നു. ഭർത്താവ് കിരൺ കുമാർ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് പറയുന്ന ശബ്ദരേഖയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. അച്ഛൻ ത്രിവിക്രമൻ നായരുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ പറയുന്ന ഭാഗമാണ് പുറത്തു വന്നിരിക്കുന്നത്.

'എനിക്ക് സഹിക്കാൻ കഴിയുന്നില്ല അച്ഛാ, ഇവിടെ നിർത്തിയിട്ട് പോയാൽ എന്നെ കാണില്ല, എനിക്ക് അങ്ങോട്ട് വരണം, കിരൺ കുമാർ മർദിക്കുന്നു. പേടിയാകുന്നു, ഞാൻ എന്തെങ്കിലും ചെയ്യും' - വിസ്മയ കരഞ്ഞു പറയുന്നു. കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോർഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.

കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് നാളെ കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസിൽ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് ഭർത്തൃ ഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായാണ് കേസ്.

2020 മെയ്‌ 30-നാണ് ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എഎംവിഐ ആയിരുന്ന കിരൺ കുമാർ വിവാഹം കഴിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺ കുമാർ ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദര പുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കേസിൽ ഒന്നാംപ്രതിയായ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസിനെ തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാറിനെ മോട്ടോർ വാഹന വകുപ്പിലെ ജോലിയിൽ നിന്നും സർക്കാർ പിരിച്ചുവിട്ടിരുന്നു. കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്ക് അയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.