കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി പ്രതിഭാഗം ഹാജരാക്കിയ ഫോൺ കോൾ റെക്കോഡ്. വിസ്മയയും സഹോദരഭാര്യ ഡോ. രേവതിയുമായുള്ള ഫോൺ സംഭാഷണമാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. കിരൺ വിസ്മയയെ തെറി വിളിച്ചിരുന്നെന്നും മർദ്ദിച്ചിരുന്നുമെന്നുമുള്ള വാദങ്ങൾക്ക് കൗണ്ടറായാണ് പ്രതിഭാഗം ശബ്ദരേഖ കോടതിയിൽ സമർപ്പിച്ചത്. അതിൽ കിരണിനെ താനും തിരിച്ച് തെറി വിളിക്കാറുണ്ടെന്നും ഇപ്പോൾ കിരൺ മർദ്ദിക്കാറില്ലെന്നുമാണ് വിസ്മയ രേവതിയോട് സംസാരിക്കുന്നത്.

ഫോൺ സംഭാഷണത്തിൽ ഫോണിനെന്ത് പറ്റി എന്ന രേവതിയുടെ ചോദ്യത്തിന് ഫോൺ കിരൺ എറിഞ്ഞുപൊട്ടിച്ചു എന്ന് വിസ്മയ മറുപടി നൽകി. അതിനെന്ത് കുരുത്തക്കേടാണ് നീ ചെയ്തതെന്ന് ചോദിക്കുമ്പോൾ രേവതിയുടെ സഹോദരനായ സുജിത്തൂട്ടനുമായി ചാറ്റ് ചെയ്തതുകൊണ്ടാണെന്ന് വിസ്മയ ഫോൺ കോളിൽ പറയുന്നുണ്ട്. താൻ ഇപ്പോൾ കിരണിനെ തെറി വിളിക്കാറുണ്ടെന്നും തന്നോട് ബോൾഡാകാൻ ചേച്ചി അല്ലേ പറഞ്ഞതെന്നും രേവതിയോട് വിസ്മയ പറയുന്നത് വ്യക്തമാണ്. താനിപ്പോൾ ബോൾഡാണ്. കിരൺ ഇപ്പോൾ എന്നെ ഒരു തെറി വിളിച്ചാൽ ഞാൻ തിരിച്ച് രണ്ട് തെറി വിളിക്കും. എന്റെ ശരീരത്തിൽ തൊട്ടാൽ ഞാൻ കൂവും. അതുകൊണ്ട് വളരെകാലമായി എന്നെ അടിക്കാറില്ല.- വിസ്മയ പറയുന്നു.

എന്നാൽ താൻ അതിനെ വിലക്കിയിരുന്നില്ലെന്നും, വിലക്കണമെന്ന് ഭർത്താവായ വിജിത്തിനോടോ വിസ്മയയുടെ രക്ഷിതാക്കളോടോ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോ. രേവതി വാദത്തിനിടെ സമ്മതിച്ചു. തന്റെ സഹോദരനുമായി അസമയത്ത് വിസ്മയ ഫോണിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു എന്നും അത് ചോദ്യം ചെയ്ത കിരൺ വിസ്മയയുടെ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചെന്നും വിസ്മയയുമായുള്ള സംസാരത്തിൽ നിന്നും തനിക്ക് മനസിലായെന്നും രേവതി പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു.

എല്ലാ കാര്യങ്ങളും രേവതിയുമായി പങ്കുവച്ചിരുന്ന വിസ്മയ മാർച്ച് 17 ന് കിരണിനൊപ്പം പോകുന്ന വിവരം അവരോട് പറഞ്ഞിരുന്നില്ല. കിരൺ തന്റെ വിവാഹനിശ്ചയത്തിന് പങ്കെടുത്തെന്ന് രേവതി മൊഴി നൽകിയെങ്കിലും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഹാജരാക്കാൻ രേവതിക്ക് കഴിഞ്ഞില്ല. വിസ്മയയുടെ സഹോദരൻ വിജിത്ത് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം നടത്തിയ ശേഷം രേവതിയെ വിവാഹം ചെയ്തതിൽ കിരണിന് എതിർപ്പുണ്ടായിരുന്നെന്നും അതിനാൽ വിജിത്തിന്റെ വിവാഹമോ വിവാഹ നിശ്ചയമോ കിരണിനെ അറിയിച്ചിരുന്നില്ലെന്നും എന്നാൽ വിസ്മയ പോകുന്നതിൽ നിന്നും കിരൺ തടഞ്ഞിരുന്നില്ലെന്നും പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നു.

അതേസമയം ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തിൽ വിസ്മയയെ ഉപദേശിച്ചിരുന്നതായും പിതാവ് ത്രിവിക്രമൻ നായർ പ്രതിഭാഗം വിചാരണയിൽ സമ്മതിച്ചിരുന്നു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്പോൾ വിസ്മയ കാറിൽ നിന്നും ചാടാൻ ശ്രമിച്ചതായി കിരൺ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനോട് പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് കിരണും ത്രിവിക്രമൻ നായരും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതിൽ കിരണിന് എതിർപ്പുണ്ടായിരുന്നെന്നും അതിനാൽ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമൻ നായർക്ക് സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മിൽ ഫോൺ സംഭാഷണങ്ങൾ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നൽകാൻ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. താനുമായി കിരൺ നടത്തിയ ഫോൺ സംഭാഷണം ത്രിവിക്രമൻ നായർ കോടതിയിൽ തിരിച്ചറിഞ്ഞു.

മാട്രിമോണിയൽ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകൾക്ക് താൻ 101 പവൻ സ്ത്രീധനം നൽകിയെന്നും നിങ്ങൾ എന്ത് നൽകുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും ഒരു കാറും നൽകാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. എന്നാൽ കോവിഡ് കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താൻ വാങ്ങി നൽകിയതെന്നും കോടതിയിൽ വെളിപ്പെടുത്തി.

വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാർ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാർ വാങ്ങി നൽകാമെന്ന് വിവാഹ ദിവസം തന്നെ താൻ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ സ്വർണം ലോക്കറിൽ വയ്ക്കാനായി തൂക്കി നോക്കിയപ്പോൾ അളവിൽ കുറവ് കണ്ടതിനെ തുടർന്ന് കിരൺ വിസ്മയയെ ഉപദ്രവിച്ചതായും ഫോണിൽ കിരൺ വിളിച്ചപ്പോൾ മകൾ കരഞ്ഞുകൊണ്ട് തന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമൻ നായർ മൊഴി നൽകകുകയുണ്ടായി.