കൊല്ലം: വിസ്മയ കേസിൽ വീണ്ടും വഴിത്തിരിവ്. കേസിലെ പ്രതിയായ ഭർത്താവ് കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് ഇന്ന് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകിയത്. കുറിപ്പ് താൻ സ്റ്റേഷനിലെത്തി ഒരു പൊലീസുകാരന് കൈമാറിയെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.

നേരത്തെ വിസ്മയയുടെ മരണസമയത്ത് പൊലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു. എന്നാലിപ്പോൾ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ, തങ്ങളുടെ സാക്ഷിയായ സദാശിവൻപിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.

എന്നാൽ, ആത്മഹത്യാ കുറിപ്പിൽ വിസ്മയ എന്തായിരുന്നു കുറിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം കോടതിയിൽ പ്രോസിക്യൂട്ടർ ചോദിച്ചതുമില്ല. മുമ്പ് സംഭവം രണ്ടുമണിയോടെയാണ് താൻ അറിഞ്ഞതെന്നായിരുന്നു സദാശിവൻപിള്ളയുടെ മൊഴി. എന്നാൽ, താൻ സംഭവം ഒന്നരയോടെ അറിഞ്ഞെന്നും, ഒന്നേമുക്കാലോടെ അടുത്തുള്ള ബന്ധുവിനെയും കൂട്ടി ബൈക്കിൽ പൊലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിച്ചുവെന്നും സദാശിവൻ പിള്ള പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ രണ്ടുമണിയോടെ തന്റെ മൊഴി രേഖപ്പെടുത്തി ഒപ്പു വാങ്ങിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടാലറിയാത്ത ഉദ്യോഗസ്ഥന് കുറിപ്പ് കൈമാറി എന്നാണ് പുതിയ മൊഴി. ജീവനൊടുക്കിയ വിസ്മയയെ താൻ കെട്ടഴിച്ച നിലയിൽ നിലത്ത് കിടത്തിയായി കണ്ടതെന്നാണ് ആദ്യം നൽകിയ മൊഴി. എന്നാൽ, കെട്ടഴിക്കുന്നതിന് മുമ്പ് കണ്ടുവെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുവെന്നും, അത് സ്റ്റേഷനിൽ ഏൽപ്പിച്ചുവെന്നും തിരുത്തി പറഞ്ഞിരിക്കുകയാണ്.

ആത്മഹത്യാ കുറിപ്പുള്ളതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നില്ല. അനാവശ്യ കാര്യങ്ങൾ പറഞ്ഞാൽ തന്നെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേർക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും അതുകൊണ്ടാണ് പിന്നീട് ഇക്കാര്യം മാധ്യമങ്ങളോടോ മറ്റോ പറയാതിരുന്നതെന്നും സദാശിവൻ പിള്ള പറഞ്ഞു. വിസ്മയയുടെ കിടപ്പുമുറിയിലെ തലയിണയ്ക്ക് അടിയിൽ നിന്നാണ് രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. വിസ്മയയുടെ ആത്മഹത്യ അറിഞ്ഞ വിഷമത്തിൽ കിരൺ കട്ടിലിൽ ഇരുന്നെന്നും അപ്പോൾ, തലയിണ എടുത്ത് മടിയിൽ വച്ചപ്പോൾ കത്ത് കണ്ടുകിട്ടിയെന്നുമാണ് സദാശിവൻ പിള്ള പറഞ്ഞത്. കത്ത് കിരൺ വായിച്ചില്ലെന്നും, താൻ കത്ത് വായിച്ചയുടനെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവെന്നുമാണ് ക്രോസ് വിസ്താരത്തിൽ സദാശിവൻ പിള്ള പറഞ്ഞത്. ആത്മഹത്യാ കുറിപ്പിന്റെ കാര്യം പൊലീസ് രേഖകളിൽ ഇല്ലാതെ വന്നപ്പോൾ പരാതിപ്പെടാതിരുന്നത് തങ്ങളെയും കേസിൽ പ്രതി ചേർക്കുമെന്ന ഭയം കൊണ്ടാണെന്നും സദാശിവൻ പിള്ള പറഞ്ഞു.സദാശിവൻ പിള്ളയെ പ്രതിഭാഗം നാളെ വിസ്തരിക്കും.

2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ പ്രതി കിരൺകുമാർ കുറ്റം നിഷേധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനംകൊണ്ടുള്ള മരണം, 498 എ-സ്ത്രീധനപീഡനം, 306-ആത്മഹത്യാപ്രേരണ, 323-പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ളത്.

ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10-ന് പൊലീസ് കുറ്റപത്രം ഹാജരാക്കി. 2019 മെയ് 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സ്ത്രീധനമായി നൽകിയ കാർ മാറ്റി വേറേ നൽകണമെന്നുപറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയിൽ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽെവച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു. മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.