കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കുന്നതായി പരാതി. വിസ്മയ വിജിത്ത് എന്ന പേരിൽ വിസ്മയ, വിസ്മയയുടെ സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്‌ബുക്കിൽ പുതിയ അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നത്. ബന്ധുക്കൾക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് എത്തിയതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.

വിസ്മയയുടെ സഹോദരനോ സഹോദര ഭാര്യയോ സുഹൃദ് പട്ടികയിൽ ഇല്ലാത്ത അക്കൗണ്ടിൽ എണ്ണൂറോളം പേരെയാണ് സുഹൃത്തുക്കളായി ചേർത്തിരിക്കുന്നത്. ബന്ധുക്കൾക്ക് റിക്വസ്റ്റ് വന്നതിനെ തുടർന്നാണ് പരാതി നൽകിയത്. പരാതിയെ കുറിച്ച് സൈബർ സെല്ല് അന്വേഷണം നടത്തുമെന്ന് റൂറൽ എസ്‌പി പറഞ്ഞു.

കേസിൽ വിധി തിങ്കളാഴ്ചസ്ത്രീധനത്തിനായി ഭർത്താവ് കിരൺകുമാർ നിരന്തര പീഡിപ്പിച്ചതിനെ തുടർന്ന് ആയുർവേദ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്തെന്ന കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. ഈ മാസം 23ന് വിധി പ്രഖ്യാപിക്കും.2021ജൂൺ 21നാണ് ശാസ്താംകോട്ട ശാസ്താംനടയിലുള്ള ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ. ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ചു.

കേസിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.വിസ്മയ മരിച്ച ദിവസം രാത്രി അറസ്റ്റിലായ കിരൺകുമാറിന് വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സുപ്രീം കോടതി ഒരുമാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.2019 മെയ്‌ 31നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലിയായിരുന്നു കിരണിന്റെ പീഡനമെന്നാണ് പ്രോസിക്യൂഷൻ വാദം.

മർദ്ദനത്തിന് പുറമേ 2020 ഓഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് ആക്ഷേപിച്ചു. പീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. സത്രീധന പീഡനം, സ്ത്രീധനം വാങ്ങൽ, ആത്മഹത്യാ പ്രേരണ, സ്ത്രീധന മരണം, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.കിരൺ, വിസ്മയയുടെ മാതാവ്, വിസ്മയയുടെ ബാല്യകാല സുഹൃത്ത് എന്നിവരുടെ ഫോണുകളിൽ നിന്ന് വീണ്ടെടുത്ത സംഭാഷണങ്ങളും തെളിവായി.