ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ചു സുപ്രീംകോടതി. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ കിരൺ കുമാർ സുപ്രീംകോടതിയെ സമീപിക്കുയായിരുന്നു. ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. മുൻകാലങ്ങളിലെ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻനായരുടെയും സരിതയുടെയും മകളും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹനവകുപ്പ് എ.എം വിഐ.എസ് കിരണിന്റെ ഭാര്യയുമായ വിസ്മയ (24) അമ്പലത്തുംഭാഗത്തെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ മരിച്ചതെന്നാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചർച്ചയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ തൂങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിന്റെ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ ഭർത്താവ് കിരൺ ഒളിവിൽ പോയെങ്കിലും രാത്രിയോടെ പൊലീസിൽ കീഴടങ്ങി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവർത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. എന്നാൽ, ബന്ധുക്കൾ ആരോപിച്ചതുപോലെ കൊലപാതകമാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. നിലവിൽ ഗാർഹിക - സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെതുടർന്ന് ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്്ത കിരണിനെ പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്.