- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകമെന്നതിന് തെളിവുകൾ കിട്ടിയില്ല; ആ കേസ് വെറും ആത്മഹത്യയാക്കി കുറ്റപത്രം; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം; കിരൺ കുമാറിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകൾ; വിസ്മയാ കേസിലെ കുറ്റപത്രം ആത്മഹത്യാ വിരുദ്ധ ദിനത്തിൽ സമർപ്പിച്ച് അന്വേഷണസംഘം
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടേത് വെറും ആത്മഹത്യയാക്കി അന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടർന്നുള്ള ആത്മഹത്യയെന്ന പൊലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റുപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ ആത്മഹത്യാ വിരുദ്ധ ദിനത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
കിരൺ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂർത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്.വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉൾപ്പടെ 9 വകുപ്പുകൾ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. ശാസ്താം കോട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കുന്നത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാർ അവകാശപ്പെട്ടുവിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്ന തടയാനാണാണ് 90 നാൾ തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.
കുറ്റപത്രം സമർപ്പിച്ചതിനാൽ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുകൾക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ, ഫോറൻസിക് വിദഗ്ദർ, വിസ്മയയുടെ സുഹൃത്തുകൾ, ബന്ധുക്കൾ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിരൺകുമാറിന്റെ ബന്ധുക്കൾക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തൽക്കാലം മറ്റൊരെയും പ്രതി ചേർക്കേണ്ടത് ഇല്ലെന്നാണ് പൊലീസ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ