കൊല്ലം: വിസ്മയാകേസിന്റെ വാദം കൊല്ലം ജില്ലാ കോടതിയിൽ നടക്കുന്നതിനിടയിൽ കോടതിക്ക് മുന്നിൽ നാടകീയസംഭവങ്ങൾ. പ്രതി കിരണിനെ വിലങ്ങണിയിച്ച് കോടതിയിലെത്തിച്ച പൊലീസിനെ കിരണിന്റെ അഭിഭാഷകർ തടഞ്ഞു. വിലങ്ങ് ഊരിയിട്ട് കോടതിക്കുള്ളിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് അഭിഭാഷകർ പറഞ്ഞതോടെ പൊലീസും അഭിഭാഷകരും തമ്മിൽ തർക്കമായി. ഒടുവിൽ കിരണിന്റെ അഭിഭാഷകരുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങി പൊലീസിന് വിലങ്ങ് ഊരേണ്ടി വന്നു.

വിലങ്ങണിയിച്ച് കോടതിയിലേയ്ക്ക് കൊണ്ടുവരുകയായിരുന്ന കിരണിനെ വണ്ടിയിൽ നിന്ന് ഇറക്കിയപ്പോൾ പ്രതിഭാഗം അഭിഭാഷകനായ അഡ്വ. സി പ്രതാപചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. തുടർന്ന് അവിടെയാകെ ബഹളമായി.

സാധാരണയായി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ സാധ്യതയുള്ളതോ അപകടകാരികളോ ആയ പ്രതികളെയാണ് സുരക്ഷാകാരണങ്ങളാൽ വിലങ്ങണിയിച്ച് കോടതിയിലെത്തിക്കുന്നത്. കിരണിനെ  വിലങ്ങണിയിക്കാനുള്ള കാരണമെന്താണെന്ന് അവർ ചോദിച്ചു. കിരണിനെ വിലങ്ങില്ലാതെ കോടതിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് അഭിഭാഷകർ നിർബന്ധം പിടിച്ചതോടെ പൊലീസിന് മറ്റ് വഴികളില്ലാതെയായി. തുടർന്നാണ് അവർ കിരണിനെ വിലങ്ങൂരി കോടതിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായത്.

2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ പ്രതി കിരൺകുമാർ കുറ്റം നിഷേധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനംകൊണ്ടുള്ള മരണം, 498 എ-സ്ത്രീധനപീഡനം, 306-ആത്മഹത്യാപ്രേരണ, 323-പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ളത്.

ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10-ന് പൊലീസ് കുറ്റപത്രം ഹാജരാക്കി. 2019 മെയ് 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സ്ത്രീധനമായി നൽകിയ കാർ മാറ്റി വേറേ നൽകണമെന്നുപറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയിൽ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽെവച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു. മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.