- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസിൽ നടന്നത് തീപാറുന്ന വാദപ്രതിവാദങ്ങൾ; വിസ്മയയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നെന്നും സ്ത്രീധനമായി കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രതിഭാഗം; കിരൺ ക്രൂരമായി പീഡിപ്പിച്ചെന്ന് പ്രോസിക്യൂഷനും; തിങ്കളാഴ്ച്ച വിധി വരുമ്പോൾ അന്തിമ നീതി ആർക്ക് ലഭിക്കും? പ്രതീക്ഷയോടെ ഇരുവിഭാഗവും
കൊല്ലം: വിസ്മയ കേസിൽ മെയ് 23-ന് വിധി പറയാനിരിക്കയാണ്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.
സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി ഭർത്താവ് കിരൺകുമാറിനെതിരേയാണ് കേസ്. അതേസമയം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അർത്ഥസത്യങ്ങൾ മാത്രമാണെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകർ കേസിൽ ഉടനീളം ഉന്നയിച്ചത്. 2020 മെയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർത്ഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം വിഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.
കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം പുറത്തുവന്ന ശബ്ദരേഖയിൽ പലതും കിരൺകുമാറിന് അനുകൂലമായിരുന്നു എന്നത അടക്കമുള്ള വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി.
കേസിൽ നടന്നത് തീപാറുന്ന വാദങ്ങൾ
ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പടെ 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കൾ പറയുന്നു. സാക്ഷികൾ കൂറ്മാറിയത് കേസ്സിനെ ബാധിക്കില്ല. മകൾ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് കിരൺകുമാർ മകളെ മർദിക്കുമായിരുന്നു. വിവാഹത്തിന് ശേഷവും കിരൺകുമാർ സ്ത്രിധനമായി പത്തലക്ഷം രൂപ ആവശ്യപ്പെട്ടു. വിസ്മയക്ക് മർദനമേറ്റ പാടുകളുടെ ചിത്രങ്ങൾ അമ്മക്ക് അയച്ച് കൊടുത്തു. മർദനം കിരൺ കുമാറിന്റെ സഹോദരിക്കും അറിയമാരുന്നവെന്ന് വിസ്മയയുടെ അമ്മ പറയുന്നു.
കേസിൽ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച കാര്യങ്ങൾ പലപ്പോഴും പ്രോസിക്യൂഷൻ വാദങ്ങളെ ദുർബലപ്പെടുത്തിയിരുന്നു. കിരൺ കുമാറിന് കാർ നൽകിയത് ചോദിച്ചിട്ടല്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസിൽ 10-ാം സാക്ഷിയായ രാധാകൃഷ്ണ കുറുപ്പിന്റെ വിസ്താരത്തിലാണ് സ്ത്രീധന പ്രശ്നം ഉയർന്നുവന്നത്. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെ അനന്തരവളുടെ ഭർത്താവാണ് രാധാകൃഷ്ണകുറുപ്പ്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്.
വിസ്മയയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കിരണിന്റെ വീട് കാണൽ ചടങ്ങിൽ പോയപ്പോൾ കിരണിന്റെ പിതാവും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും തന്നെ മാറ്റി നിറുത്തി വിസ്മയക്കു സ്വർണം കൂടാതെ എന്തൊക്കെ കൊടുക്കും എന്നു ചോദിച്ചിരുന്നു. അപ്പോൾ 101 പവൻ സ്വർണം കൂടാതെ ഒരേക്കർ ഇരുപത് സെന്റ് സ്ഥലവും പത്തു ലക്ഷം രൂപയിൽ കുറയാത്ത ഒരു കാറും കൊടുക്കും എന്നു ഉറപ്പു കൊടുത്തിരുന്നു എന്നും രാധാകൃഷ്ണകുറുപ്പ് മൊഴി കൊടുത്തു
കേസിൽ ഒന്നാം സാക്ഷിയായി മൊഴി നൽകിയ വിസ്മയയുടെ പിതാവ് വിക്രമൻ നായരും, കിരണിന്റെ പിതാവും ജ്യേഷ്ഠനും സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അതു പൂർണമായും കൊടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു മാത്രം കഴിയാതെ പോയി. വിസ്മയയുടെ അമ്മ സവിതയും ഈ നിലപാട് ആണ് സ്വീകരിച്ചത്. സ്ത്രീധനം ഡിമാൻഡ് ചെയ്യുന്നതും സ്വീകരിക്കുന്നതും സ്ത്രീധന നിരോധനം നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരം ഗുരുതരമായ കുറ്റകൃതമാണ്. വിസ്മയ കേസിൽ പ്രോസിക്യൂഷന്റെ മുഖ്യവാദവും സ്ത്രീപീഡന കുറ്റമാണ്. എന്നാൽ, സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകൾ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതിഭാഗം വാദം.
2021 ജനുവരി മാസം 17-ന് പ്രതി കിരണും രാധാകൃഷ്ണ കുറുപ്പുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയിൽ കേൾപ്പിച്ചു പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയാണ് ക്രോസ് വിസ്താരം നടത്തിയത്. സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകൾ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ചു അപ്രകാരം യാതൊന്നും ഇല്ല എന്നു വ്യക്തമായി പറഞ്ഞിരുന്നു എന്നും രാധാകൃഷ്ണ കുറുപ്പ് കോടതിയിൽ സമ്മതിച്ചു. 'എനിക്കു നിങ്ങളുടെ പണമോ സ്വർണമോ കാറോ സ്വത്തുക്കളോ ഒന്നും വേണ്ട... എന്നെയും വിസ്മയയെയും അനാവശ്യ ഇടപെടലുകൾ ഇല്ലാതെ ജീവിക്കാൻ ഒന്നനുവദിച്ചാൽ മതി...അതിനു സഹായിക്കണം എന്നും കിരൺ ശബ്ദരേഖയിൽ പറയുന്നുണ്ട്. രാധാകൃഷ്ണകുറുപ്പിന് ഇക്കാര്യം കോടതിയിൽ സമ്മതിക്കേണ്ടി വന്നു.
വിസ്മയയുടെ പിതാവും ജേഷ്ടനുമായി കിരണിന് പ്രശ്‌നമുണ്ടായിരുന്നു എന്ന വാദും പ്രതിഭാഗം ഉയർത്തിയിരുന്നു. ജ്യേഷ്ഠൻ വിജിത്തിന് കിരണോ ബന്ധുക്കളോ പോയിരുന്നില്ല. ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തിൽ വിസ്മയയെ ഉപദേശിച്ചിരുന്നതായും ത്രിവിക്രമൻ നായർ പ്രതിഭാഗം വിചാരണയിൽ സമ്മതിച്ചു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്പോൾ വിസ്മയ കാറിൽ നിന്നും ചാടാൻ ശ്രമിച്ചതായി കിരൺ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനെ അറിയിച്ചു.
അക്കാലത്ത് കിരണും ത്രിവിക്രമൻ നായരും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതിൽ കിരണിന് എതിർപ്പുണ്ടായിരുന്നെന്നും അതിനാൽ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമൻ നായർക്ക് സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മിൽ ഫോൺസംഭാഷണങ്ങൾ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നൽകാൻ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
താനുമായി കിരൺ നടത്തിയ ഫോൺ സംഭാഷണം ത്രിവിക്രമൻ നായർ കോടതിയിൽ തിരിച്ചറിഞ്ഞു. അമ്മയുടെ അനുമതിയോടെയാണ് വിസ്മയ കിരണിന്റെ വീട്ടിലേയ്ക്ക് വന്നതെന്നും പ്രതിഭാഗം വാദിച്ചു. അതിന് ശേഷം വിസ്മയയുമായി ബന്ധപ്പെടാൻ അച്ഛനും സഹോദരനും തയ്യാറായിട്ടില്ലെന്നും ത്രിവിക്രമൻ നായർ കോടതിയിൽ സമ്മതിച്ചു. ഇതെല്ലാം കേസിൽ വിസ്മയക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി മാറി.
ജനുവരി മൂന്നിന് കിരണും വിജിത്തും തമ്മിലാണ് പിടിവലി ഉണ്ടായതെന്നും കിരൺ തന്നെ ആക്രമിച്ചെന്ന് വിസ്മയ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും ത്രിവിക്രമൻ നായർ കോടതിയിൽ പറഞ്ഞു. വിസ്മയയുടെ മരണത്തിന് തൊട്ടടുത്ത ദിവസം കിരണിന്റെ അമ്മയെ കുറിച്ച് ത്രിവിക്രമൻ നായർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.
ഇന്നലെ വിജിത്തിന്റെ ഭാര്യ രേവതിയെ കോടതിയിൽ വിസ്തരിച്ചു. വിസ്മയ രേവതിക്ക് അയച്ച മെസേജിന്റെ സ്‌ക്രീൻഷോട്ട് കോടതിയിൽ ഹാജരാക്കിയെങ്കിലും അതിന്റെ ആധികാരികത തെളിയിക്കാൻ വാദിഭാഗത്തിന് കഴിഞ്ഞില്ല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജി മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി അഖിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പ്രതാപചന്ദ്രൻപിള്ള, പിആർ വിഭു, ഷൈൻ എസ് മൺട്രോതുരുത്ത്, ബിജുലാൽ പി ആയൂർ, അനന്തകൃഷ്ണൻ എന്നിവരുമാണ് വാദിച്ചത്.